SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

പുരാവസ്തു തട്ടിപ്പ് കേസ്: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് പരാതിക്കാർ

Increase Font Size Decrease Font Size Print Page
monson

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കേസിലുൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ക്ലിൻചിറ്റു നൽകിയതടക്കം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികളുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും നീളുന്നതാണ് തട്ടിപ്പ് എന്നതിനാൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് പരാതിയിൽ പറയുന്നു.

ശരിയായ രീതിയിലല്ല അന്വേഷണമെന്ന് ആരോപിച്ച് പരാതിക്കാരിൽ ഒരാളായ കോഴിക്കോട് സ്വദേശി ഷെമീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസണിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസണുമായി വലിയ അടുപ്പമുണ്ടായിരുന്നു. പല ഉദ്യോഗസ്ഥർക്കും പങ്കുള്ള തട്ടി​പ്പി​ൽ ഇവരെ പ്രതിയാക്കാനുള്ള തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥരെ രക്ഷിക്കാനും നടപടി വകുപ്പുതല അന്വേഷണത്തിൽ ഒതുക്കാനുമാണ് ശ്രമമെന്ന് ഷെമീർ ആരോപിക്കുന്നു. ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി​ ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും.

TAGS: MONSON MAVUNKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY