പാലക്കാട്: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ. കൊലയാളികൾക്ക് ബി ജെ പിയുമായോ ആർ എസ് എസുമായോ യാതൊരു ബന്ധവുമില്ല. കൃത്യത്തിന് പിന്നിൽ സി പി എമ്മിന്റെ മാഫിയയോ മയക്കുമരുന്ന് സംഘമോ ആകാമെന്ന് അദ്ദേഹം പറഞ്ഞു.
ബി ജെ പി- ആർ എസ് എസ് പ്രവർത്തകർ സി പി എം ശക്തി കേന്ദ്രത്തിലുള്ള വീട്ടിൽപ്പോയി ഷാജഹാനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് കല്ലുവച്ച നുണയാണ്. മലമ്പുഴ എം എൽ എയും സി പി എം നേതാക്കളും പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് കുടുംബം പറയുന്നതെന്നും കൃഷ്ണകുമാർ ആരോപിച്ചു.
ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബി ജെ പിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിലെ പ്രതികളായ അനീഷും ശബരീഷും നവീനും വെട്ടിക്കൊലപ്പെടുത്തുമെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബി ജെ പി നേതാക്കളുടെ സഹായമില്ലാതെ കൃത്യം നടത്താൻ സാധിക്കില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതിൽ മൂന്നാം പ്രതി നവീനെയും അഞ്ചാം പ്രതി സിദ്ധാർത്ഥിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരാളെ പൊള്ളാച്ചിയിൽ നിന്നും മറ്റേയാളെ പട്ടാമ്പിയിൽ നിന്നുമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |