SignIn
Kerala Kaumudi Online
Saturday, 12 September 2026 8.05 PM IST

മുഖ്യമന്ത്രി ഇന്നലെ ഉദ്‌ഘാടനം ചെയ‌്‌ത കേരള സവാരി ആപ്പിൽ സാങ്കേതിക തകരാറ്, വൈകുമെന്ന് അറിയിപ്പ്

pinarayi

തിരുവനന്തപുരം: സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ഇനിയും താമസിക്കുമെന്ന് സൂചന. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ‌്ത സവാരി ആപ്പ് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പ്ളേ സ്റ്റോറിൽ എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാൽ ഓൺലൈൻ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല.

കേരള സവാരി പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ഉദ്‌ഘാടനം ചെയ‌്തുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരള സവാരി പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. കാൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം.

തിരുവനന്തപുരം നഗരസഭ പരിധിയിൽ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 22 പേർ വനിതകളാണ്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 321 ഓട്ടോറിക്ഷകളും 228 എണ്ണം കാറുകളുമാണ്. പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐ.ടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്. ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ 8ശതമാനം സർക്കാരിന് നൽകണം. ഇതിൽ 6 ശതമാനം തുക ഐ.ടി.ഐ സേവനത്തിനാണ്. കേരളസവാരിയിൽ സീസൺ അനുസരിച്ചുള്ള നിരക്ക് വർദ്ധനയുണ്ടാവില്ല.

ആപ്പ്

പ്ലേ സ്റ്റോർ,ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന്‌ കേരള സവാരി എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്രകൾ ബുക്ക് ചെയ്യാം. മൊബൈൽ ആപ്പിൽ കാണിക്കുന്ന പണം നൽകിയാൽ മതി. ഓട്ടം വിളിക്കുന്നയാൾ നിൽക്കുന്നതിന് 500 മീറ്ററിനുള്ളിലാണ് വാഹനം ഉള്ളതെങ്കിൽ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാർജ് ഉണ്ടാകില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങളാകുന്ന വാഹനങ്ങൾക്ക് ജി.പി.എസ് ഘടിപ്പിക്കേണ്ടതില്ല. സ്മാർട്ട്‌ഫോൺ ജി.പി.എസ് നാവിഗേഷനായി ഉപയോഗിക്കാം.

മിനിമം ചാർജ്
ഓട്ടോറിക്ഷ 30 രൂപ
ടാക്‌സി 200 രൂപ

സുരക്ഷയ്‌ക്ക് മുൻഗണന

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാനാകൂ. ആപ്പിൽ പാനിക് ബട്ടൺ സംവിധാനമുണ്ട്. തീർത്തും സ്വകാര്യമായി ഒരാൾക്ക് സംവിധാനം ഉപയോഗിക്കാം. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവറോ ഇക്കാര്യം മനസിലാക്കില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് വിവരമെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SAVARI, CHIEF MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA