ആറ്റിങ്ങൽ: നാലര വയകാരിയോട് ലൈംഗിക അതിക്രമംകാട്ടിയ വർക്കലയ്ക്ക് സമീപം താമസിച്ചിരുന്ന സജീവി (40)ന് മൊത്തം17 വർഷം കഠിനതടവും 35,000 രൂപ പിഴയും ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ( പോക്സോ) കോടതി ജഡ്ജ് പ്രഭാഷ് വിധിച്ചു.
2017 മാർച്ചിലാണ് സംഭവം. കൂട്ടുകാരോടൊപ്പം കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് ചോദിച്ചപ്പോഴാണ് കാര്യം അറിയുന്നത്. മാതാവ് പൊലീസിൽ വിവരം അറിയിച്ചു. വിചാരണവേളയിൽ ഒന്നാം സാക്ഷിയായ മാതാവ് കൂറുമാറിയത് വിവാദമായിരുന്നു. മൊഴി മാറ്റിയ സാക്ഷിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. കേസിന്റെ ആരംഭത്തിൽ ആവലാതിക്കാരി എന്ന നിലയിൽ മാതാവ് മജിസ്ട്രേറ്റ് മുമ്പാകെ ക്രിമിനൽ നടപടി നിയമം 164 പ്രകാരമുള്ള മൊഴി നൽകിയിരുന്നു. ഇതിന് വിരുദ്ധമായി വിചാരണക്കോടതിയിൽ മൊഴി നൽകിയതു പരിഗണിച്ചാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.
12 വയസിൽ താഴെയുള്ള കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് 12 വർഷം കഠിനതടവും ഇരുപത്തിഅയ്യായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ മൂന്നുമാസം കൂടി കഠിന തടവ് അനുഭവിക്കണം. കഠിന ലൈംഗിക അതിക്രമത്തിന് അഞ്ചുവർഷം തടവും 10000 രൂപ പിഴയുംകൂടി വിധിക്കുകയായിരുന്നു. പിഴത്തുക ഒടുക്കിയില്ലെങ്കിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നഷ്ടപരിഹാരം എന്ന നിലയിൽ കുട്ടിക്കു നൽകണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ജയിലിൽ കിടന്ന കാലം ശിക്ഷയിൽ ഇളവുണ്ടെന്നും വിധിയിൽ പറയുന്നു. വർക്കല സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്ന പി.വി.രമേഷ് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.