SignIn
Kerala Kaumudi Online
Monday, 14 September 2026 8.09 PM IST

മന്ത്രിയുടെ പൈലറ്റ് വാഹനം റൂട്ട് മാറ്റിയ സംഭവം; പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

police

തിരുവനന്തപുരം: മന്ത്രി പി. രാജീവിന് പൈലറ്റ് പോയ വാഹനം റൂട്ടുമാറ്റിയെന്നാരോപിച്ച് ഒരാഴ്ച മുൻപ് സസ്പെൻഡ് ചെയ്ത എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും സർവീസിൽ തിരിച്ചെടുത്ത് സിറ്റി പൊലീസ് കമ്മിഷണ‌ർ സ്പർജൻ കുമാർ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ ഗ്രേഡ് എസ്.ഐ എസ്.എസ്. സാബുരാജൻ, കൺട്രോൾ റൂം വാഹനത്തിലെ സി.പി.ഒ എൻ.ജി. സുനിൽ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഇരുവരുടെയും സസ്‌പെൻഷൻ പിൻവലിക്കണമെന്ന് പൊലീസ് അസോസിയേഷനിൽ നിന്നുൾപ്പെടെ ശക്തമായ സർമ്മദ്ദമുണ്ടായിരുന്നു. ഇക്കഴിഞ്ഞ 11ന് രാത്രി 8ന് നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാൻ പള്ളിച്ചൽ ഭാഗത്ത് നിന്നാണ് കൺട്രോൾ റൂം വാഹനം നിയോഗിച്ചത്. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിന്റെ ശോച്യാവസ്ഥയും തിരക്കും കാരണം കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശപ്രകാരം പൈലറ്റ് വാഹനം കരമന- കൽപ്പാളയം- കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി- സാനഡു വഴി അണ്ടർപ്പാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്നമായത്. സ്ഥിരംറൂട്ട് മാറ്റി സമയം നഷ്ടപ്പെടുത്തിയതിലെ അതൃപ്തി മന്ത്രി ഉന്നതഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന സുനിലിനെയും കൺട്രോൾ റൂം ഡ്യൂട്ടിയിലായിരുന്ന സാബുരാജനെയും സസ്‌പെൻഡ് ചെയ്തത്. അതേസമയം പൊലീസുകാർക്കെതിരായ നടപടി സേനക്കുള്ളിൽ അമർഷം ശക്തമാക്കി. രണ്ട് റൂട്ടുകളും തമ്മിൽ ദൂരവ്യത്യാസമില്ല. കൂടാതെ പാത മികച്ചതാണ്. വിമർശനങ്ങൾക്ക് പിന്നാലെ സാബുരാജന് മുഖ്യമന്ത്രിയുടെ മെഡൽ കൂടി ലഭിച്ചതാണ് സസ്പെഷൻ പിൻവലിക്കാൻ കമ്മിഷണറെ നിർബന്ധിതനാക്കിയത്. കൺട്രോൾ റൂമിലും ലോക്കൽ പൊലീസ് സ്റ്റേഷനുകളിലും ജോലി ചെയ്തിരുന്നപ്പോൾ നടത്തിയ മികച്ച പ്രകടനമാണ് സാബുരാജനെ മെഡലിന് അർഹനാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA