കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ പ്രശ്‌നങ്ങളിൽ ഇടപെടുമെന്ന് പ്രതീക്ഷയില്ലെന്ന് വയനാട്ടിലെ എം.പിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിക്കുന്ന പരിഗണന കേരളത്തോട് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കേരളത്തെ പരിഗണിക്കാനാകാതെ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. വയനാട്ടിലെ പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും, ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലാണ് പ്രധാനമന്ത്രി കാണുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണെന്നും രാഹുൽ വ്യക്തമാക്കി.
"വാരാണസി പോലെയാണ് തനിക്ക് കേരളവുമെന്ന് പ്രധാനമന്ത്രി ഇവിടെ വന്ന് പറയും. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടും മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടും മോദിക്ക് രണ്ട് വിധത്തിലുളള പരിഗണനയാണുളളത്. ഉത്തർപ്രദേശിനുളള പരിഗണന കേരളത്തിന് കിട്ടില്ല. ആർ.എസ്.എസ് ആശയങ്ങൾ അംഗീകരിക്കാത്തവർ ഇന്ത്യക്കാരല്ല എന്നതാണ് മോദിയുടെയും ബി.ജെ.പിയുടെയും നിലപാട്. എന്നാൽ, കേരളത്തിലെ ജനങ്ങളെ പരിഗണിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലാക്കിക്കൊടുക്കുമെന്നും" രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |