നൂലുകെട്ട് അഥവാ 28 കെട്ടിനെക്കുറിച്ച് കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനുപിന്നിലെ വിശ്വാസത്തെക്കുറിച്ച് അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും എന്നതാണ് വാസ്തവം. ഇരുപത്തെട്ടുകെട്ടും നാമകരണവും ഒരേദിവസം നടത്തുന്നതും ചിലയിടങ്ങളിൽ പതിവാണ്.
കുഞ്ഞ് ജനിക്കുന്ന സമയം ചന്ദ്രൻ ഏത് നക്ഷത്രസമൂഹത്തിലാണോ നിൽക്കുന്നത് ആ നക്ഷത്രമാണ് കുഞ്ഞിനുള്ളതെന്നാണ് കണക്കാക്കുന്നത്. ജനിച്ച ദിവസത്തെ നക്ഷത്രസമൂഹത്തിൽ നിന്ന് ചന്ദ്രൻ സഞ്ചരിച്ച് ഇരുപത്തെട്ടാം ദിവസം വീണ്ടും ആ നക്ഷത്രത്തിലെത്തും. അതാണ് ഒരു നക്ഷത്രമാസം. കുഞ്ഞ് ജനിച്ചിട്ട് ഒരുമാസമായി എന്നറിയാനാണ് കുഞ്ഞിന്റെ അരയിൽ ചരട് കെട്ടുന്നതെന്നാണ് പഴമക്കാർ പറയുന്നത്. പണ്ടുകാലത്ത് ജനനം കൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ കലണ്ടറോ അതുപോലുളള സംവിധാനങ്ങളോ ഇല്ലായിരുന്നു എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അരയിൽ കെട്ടുന്ന ചരടിന് അല്പം നീളം കൂടുതലായിരിക്കും. ഓരോ നക്ഷത്രമാസവും ഓരോ കെട്ടുകൾ ഇടും. ഒരു വർഷം വരെ ഇങ്ങനെ തുടരും.
സാധാരണ ഗതിയിൽ ജനിച്ച് ഇരുപത്തെട്ടാം നാളാണ് നൂലുകെട്ട് നടത്തുന്നതെങ്കിലും ചിലയിടങ്ങളിൽ ഇതിൽ വ്യത്യാസം കാണാറുണ്ട്. ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്ക് ഇരുപത്തിയേഴാം ദിവസമാണ് നൂലുകെട്ടുനടത്തുന്നത്. എന്തെങ്കിലും കാരണവശാൽ ഇരുപത്തെട്ടിന് ചടങ്ങ് നടത്താൻ കഴിയാതെ വന്നാൽ 56നോ 90നോ ഒക്കെനടത്തപ്പെടുന്നു.
ചടങ്ങ്
ഒരു പാത്രത്തിൽ കുത്തരി നിരത്തിയതിനു ശേഷം കുട്ടിയെ അതിനുമുകളിലേക്ക് പിടിക്കുന്നു. അതിനു ശേഷമാണ് അരയിൽ കറുത്ത ചരട് കെട്ടുന്നത്. ചിലയിടങ്ങളിൽ ഈ ചരടിനൊപ്പം ഒരു കറുത്ത മുത്തോ, പഞ്ചലോഹം കൊണ്ടുള്ള ഒരു ചുട്ടിയോ കാണും. ഇതിനു ശേഷം കുട്ടിക്ക് പഞ്ചലോഹം, അരഞ്ഞാണം,പാദസ്വരം, തള,വള, മാല,മോതിരം, കരിവള, ഉടുപ്പ് എന്നിവ സമ്മാനിക്കുന്നു.
ഒരു മനുഷ്യൻ ജനിച്ചശേഷമുള്ള ആദ്യത്തെ ഈശ്വരീയ കർമാണ് നൂലുകെട്ട് എന്നാണ് വിശ്വാസം. ചടങ്ങ് കഴിയുന്നതോടെ കുട്ടിയുടെ എല്ലാവിധ സംരക്ഷണവും ശ്രീ പാർവതീ പരമേശ്വരന്മാരെ ഏൽപ്പിക്കുന്നു എന്നും പറയപ്പെടുന്നു. ഇതോടെ അവൻ ഈശ്വര സേവക്ക് തുടക്കം കുറിക്കുന്നു എന്നും വിശ്വാസം.
അരയിൽ നൂല് ധരിക്കുന്ന മുതിർന്നവർ ചുരുക്കമായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളായിരിക്കും ഇതിൽ കൂടുതൽ. മാസമുറ സമയത്ത് പാഡുകൾക്ക് പകരം തുണി ധരിക്കുന്നതായിരുന്നു അടുത്തകാലംവരെയുളള പതിവ്. ഇങ്ങനെ തുണി ഇളകിപ്പോകാതെ ധരിക്കാൻ അരയിൽ നൂലുകെട്ടുന്നതിലൂടെ കഴിഞ്ഞിരുന്നു. സെക്സി ലുക്ക് ഉണ്ടാക്കാനും ചില സ്ത്രീകൾ അരയിൽ നൂൽ ധരിക്കാറുണ്ട്. ചിലർ നൂലിന് പകരം സ്വർണം കൊണ്ടോ വെളളികൊണ്ടോ ഉള്ള അരഞ്ഞാണങ്ങളും ധരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |