തിരുവനന്തപുരം: എം.ബി. രാജേഷ് സ്‌പീക്കർ പദവി രാജിവച്ചു. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന് ഇന്നലെ ഉച്ചയോടെ അദ്ദേഹം രാജിക്കത്ത് കൈമാറി. എം.വി. ഗോവിന്ദന്റെ ഒഴിവിൽ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് രാജി. ഗോവിന്ദൻ കൈകാര്യം ചെയ്‌തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകൾ രാജേഷിനുതന്നെ ലഭിക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചൊവ്വാഴ്‌ച രാവിലെ 11ന് രാജ്‌ഭവനിൽ നടക്കും. സ്‌പീക്കർ രാജിവച്ച സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭാസമ്മേളനം ചേരുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.