SignIn
Kerala Kaumudi Online
Saturday, 04 February 2023 8.10 PM IST

വെറുതേ എടുത്തു‌ ചുഴറ്റരുത്

photo

പോക്സോ നിയമം ഏതറ്റം വരെ ദുരുപയോഗപ്പെടുത്താം എന്നതിന്റെ ഭയാനകമായ തെളിവാണ് കടയ്ക്കാവൂരിൽ സ്വന്തം മാതാവിനെതിരെ പതിമൂന്നുകാരനായ പുത്രൻ നൽകിയ പീഡനകേസ്. ഭാര്യാ - ഭർത്തൃ കലഹത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപങ്ങളിലൊന്നു കൂടിയായിരുന്നു അത്. പിണങ്ങിക്കഴിയുന്ന ഭർത്താവ് മകനെ വരുതിയിലാക്കി ഭാര്യയ്ക്കെതിരെ പീഡനക്കേസ് കൊടുപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. നേരത്തെ ഹൈക്കോടതി ഇടപെട്ട് വിദഗ്ദ്ധ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡോ. ദിവ്യഗോപിനാഥ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും വീട്ടമ്മയ്ക്കെതിരെ എടുത്തിരുന്ന കേസ് അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മയ്ക്കെതിരെ ചാർജ് ചെയ്തിരുന്ന പോക്സോ കേസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം പോക്സോ കോടതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ പരാതിക്കാരനായ പുത്രൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ ഭാഗത്തുനിന്നു ഹാജരാക്കിയ രേഖകൾ തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടർന്നാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മകൻ സമർപ്പിച്ചിരുന്ന അപ്പീൽ ഹർജി തള്ളിയത്. ഹർജി നേരത്തെ കോടതിയുടെ പരിഗണനയ്ക്കു വന്ന ഘട്ടത്തിൽത്തന്നെ ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ബെഞ്ച് സന്ദേഹം പ്രകടിപ്പിച്ചിരുന്നതാണ്. ഭാര്യയോടുള്ള വിരോധം തീർക്കാൻ കുട്ടിയുടെ പിതാവ് പുത്രനെ നിർബന്ധിച്ച് കേസ് കൊടുപ്പിച്ചതാകാമെന്ന സാദ്ധ്യത സാധൂകരിക്കുന്നതാണ് പരമോന്നത കോടതിയിൽ നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്ന തീർപ്പ്.

ഏതായാലും പോക്സോ നിയമത്തിന്റെ ദുരുപയോഗം മാന്യമായി കഴിയുന്ന ഏതൊരാൾക്കും എത്രത്തോളം മാരകവും അപകടകരവുമായിത്തീരാമെന്ന് ഓർമ്മിപ്പിക്കുന്നതാണ് കടയ്ക്കാവൂരിലെ ഈ പോക്സോ കേസ്. ഒരുപക്ഷേ പോക്സോ കോടതികളിൽ ഇതിനകം എത്തിയിട്ടുള്ള പരശതം കേസുകളിൽ അത്യപൂർവമായ കേസും ഇതാകാൻ സാദ്ധ്യതയുണ്ട്. സ്വന്തം മാതാവിനെതിരെ ഇതുപോലെ ദുഷിച്ചതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പീഡന ആരോപണവുമായി ഒരു ബാലനെ സുപ്രീംകോടതി വരെ തള്ളിവിട്ട നികൃഷ്ട മനോഭാവത്തെ എന്തുപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല.

പീഡന പരാതി കേസ് വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിയുകയും അതിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും അവിടംകൊണ്ട് അവസാനിപ്പിക്കാതെ സുപ്രീംകോടതി വരെ നീണ്ട വ്യവഹാരത്തിൽ നിന്ന് ഒരുപാടു പാഠങ്ങൾ പഠിക്കാനുണ്ട്. മുൻവിധികളോടെ ഒരു പോക്സോ കേസിനെയും സമീപിക്കരുതെന്നുള്ളതാണ് ആദ്യ പാഠം. ഇഷ്ടമില്ലാത്ത ഒരാളെ സമൂഹമദ്ധ്യത്തിൽ താറടിച്ചുകാണിക്കാൻ ഇതിനപ്പുറം വേറെ ഉപാധികളില്ല. അങ്ങേയറ്റം അവധാനതയോടും ഉൾക്കാഴ്ചയോടും കൂടി മാത്രം കൈകാര്യം ചെയ്യേണ്ടവയാണ് പോക്സോ കേസുകൾ. ആരെയും പോക്സോയിൽ കുരുക്കാൻ എളുപ്പമാണ്. കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം പ്രതിയിൽ അർപ്പിതമായതിനാൽ രണ്ടുവട്ടം ഉറപ്പാക്കിയിട്ടേ പരാതിയിൽ ഒരാളിൽ കുറ്റം ചാർത്താവൂ. കേസിൽ ആരോപണ വിധേയൻ ഒടുവിൽ നിരപരാധിയാണെന്ന് കോടതി വിധിച്ചാൽ പോലും നഷ്ടപ്പെട്ട മാനവും അന്തസും അത്രവേഗം വീണ്ടെടുക്കാനാവില്ല. ഇത്തരം കേസുകളിൽ സമൂഹം എപ്പോഴും സംശയത്തിന്റെയും വിദ്വേഷത്തിന്റെയും കണ്ണാടിയിലൂടെയാകും ആരോപണ വിധേയനെ കാണുന്നത്. കടയ്ക്കാവൂരിലെ നിസഹായയായ വീട്ടമ്മ കുറെ ദിവസങ്ങൾ സബ് ജയിലിൽ കിടക്കേണ്ടിയും വന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ നേരിട്ട അപമാനത്തിന്റെ ആഴത്തിൽ പതിഞ്ഞ കറ എത്രനാൾ തുടച്ചുനീക്കിയാലാണ് ഇല്ലാതാവുക. കൈയിൽ കിട്ടിയ പോക്സോ പരാതി സമചിത്തതയോടെയും യുക്തിബോധത്തോടെയും പൊലീസ് കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഇത്തരമൊരു ദുർഗതി ആ വീട്ടമ്മയ്ക്ക് ഉണ്ടാകുമായിരുന്നില്ല. വ്യാജ പോക്സോ പരാതി നൽകുന്നവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥകൂടി നിയമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.