തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന രാഹുൽഗാന്ധിക്ക് പകരം എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് കോൺഗ്രസ് അദ്ധ്യക്ഷനാവുമെന്ന് സൂചന. വാസ്നിക്കിനെ അദ്ധ്യക്ഷനാക്കാൻ മുൻകൈയെടുക്കുന്നതും രാഹുൽതന്നെയാണെന്നാണ് അറിയുന്നത്. കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയാണ് വാസ്നിക്.
കഴിഞ്ഞ 35 വർഷത്തോളമായി ദേശീയ രാഷ്ട്രീയത്തിലുള്ള മുകുൾ വാസ്നിക് മറ്ര് നേതാക്കളെ അപേക്ഷിച്ച് താരതമ്യേന ചെറുപ്പമാണ്. പട്ടികജാതി വിഭാഗത്തിൽപെട്ട നേതാവാണ്. അടുത്തമാസം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്. അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുന്ന രാഹുൽ ലോക്സഭയിൽ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് അദ്ധ്യക്ഷ പദവി ഒഴിയാൻ രാഹുൽ സന്നദ്ധത പ്രകടിപ്പിച്ചത്. അദ്ദേഹത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ശ്രമിച്ചെങ്കിലും നടന്നില്ല. തീരുമാനം മാറ്റില്ലെന്ന ഉറച്ച നിലപാടിൽതന്നെയാണ് അദ്ദേഹം.
മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവാണ് മുകുൾ വാസ്നിക്. മൻമോഹൻസിംഗ് മന്ത്രിസഭയിൽ സാമൂഹ്യ നീതി മന്ത്രിയായിരുന്നു. 1984-86ൽ എൻ.എസ്.യു ഐയുടെയും 1988-90ൽ യൂത്ത് കോൺഗ്രസിന്റെയും ദേശീയ അദ്ധ്യക്ഷനായിരുന്നു. 1984ൽ 25-ാംവയസിൽ മഹാരാഷ്ട്രയിലെ രാംടെക്കിൽ നിന്ന് ലോക്സഭയിലെത്തിയ മുകുൾ വാസ്നിക് 91-96ലും 98-99ലും മഹാരാഷ്ട്രയിലെ ബുൽധാനയിൽ നിന്നാണ് എം.പിയായത്. മുകുൾ വാസ്നിക്കിന്റെ പിതാവ് ബാലകൃഷ്ണ വാസ്നിക്കും മൂന്നു തവണ രാംടെക്കിൽ നിന്ന് എം.പിയായിരുന്നു. നാഗ്പൂർ സർവകലാശാലയിൽ നിന്ന് ബി.എസ്. സി, എം.ബി.എ ബിരുദം നേടിയിട്ടുണ്ട്. ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളെ മറികടന്നാണ് മുകുൾവാസ്നിക്കിനെ പാർട്ടി അദ്ധ്യക്ഷ പദവിയിൽ എത്തിക്കാൻ നീക്കം നടത്തുന്നത്. അദ്ദേഹം അദ്ധ്യക്ഷനായാൽ സമീപകാലത്ത് ആദ്യമായിട്ടാവും നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് ആ പദവിയിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിക്ക് തൊട്ടുമുമ്പ് സീതാറാം കേസരിയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ. ദേവകാന്ത് ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, ശങ്കർ ദയാൽ ശർമ്മ, പി.വി നരസിംഹ റാവു എന്നിവരും ഈ പദവിയിലെത്തിയിട്ടുണ്ട്. ജൂലായ് ആദ്യവാരത്തോടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഇതിന് ശേഷം സമഗ്രമായ അഴിച്ചുപണിയും നേതൃനിരയിലുണ്ടായേക്കാം. പി.സി.സികളും അഴിച്ചുപണിയുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |