ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ യുവാക്കൾക്ക് ആയുധ പരിശീലനം നൽകുന്നുണ്ടെന്നതടക്കം കൂടുതൽ തെളിവുകൾക്കായി അറസ്റ്റിലായവരെ ഡൽഹിയിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു വരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റും റെയ്ഡുകളും ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, വിധ്വംസക നിലപാടുള്ള സംഘടനയാണെന്നും ഇതിനായി വിദേശഫണ്ട് കൈപ്പറ്റുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) പ്രവർത്തനങ്ങൾ രാജ്യത്ത് നിരോധിക്കണമെന്നും ദേശീയ അന്വേഷണ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകുമെന്ന് സൂചന.
പാക് ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്‌കറെ ത്വയ്ബ, ഐസിസ് തുടങ്ങിയ സംഘടനകളുമായി പി.എഫ്.ഐക്ക് ബന്ധമുണ്ടെന്നും നിരോധിത സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസത്തെ റെയ്ഡുകളുടെയും അറസ്റ്റുകളുടെയും പശ്‌ചാത്തലത്തിൽ സ്ഥാപിക്കാനാണ് എൻ.ഐ.എയുടെ നീക്കം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ 2017ലും എൻ.ഐ.എ ശുപാർശ ചെയ്‌തിരുന്നു. പി.എഫ്.ഐ ആയുധ പരിശീലനമടക്കം നൽകുന്നുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം എൻ.ഐ.എ വിവിധകോടതികളിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ഡോവലിന്റെ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങൾക്ക് മുൻപ് കേരളം സന്ദർശിച്ചപ്പോൾ ഒപ്പമെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പി.എഫ്.ഐ റെയ്ഡ് സംബന്ധിച്ച് ചർച്ച ചെയ്‌തെന്നാണ് സൂചന. കൊച്ചിയിൽ ഐ.എൻ.എസ് വിക്രാന്ത് കമ്മിഷനിംഗ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്ത ഡോവൽ നേരേ പോയത് മുംബയിലേക്കാണ്. റെയ്ഡിന് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെയും സംസ്ഥാന പൊലീസിന്റെയും സഹായം ഉറപ്പാക്കാനായിരുന്നു യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |