തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നൽകി. നവരാത്രിയോടനുബന്ധിച്ചാണ് അവധി നൽകുന്നത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനഃക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവരാത്രി അവധി പ്രഖ്യാപിച്ചതോടെ അടുത്തയാഴ്ച മൂന്ന് അവധി ദിവസങ്ങളാണ് ലഭിക്കുന്നത്. ചൊവ്വാഴ്ച മഹാനവമിയും ബുധനാഴ്ച വിജയദശമിയും ആണ്.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
അസിസ്റ്റന്റ്‍ ജിയോളജിസ്റ്റ് തസ്തിക
മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഓരോ ജില്ലയിലും ഒരോ അസിസ്റ്റന്റ് ജിയോളജിസ്റ്റിന്റെ അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഡോ. സന്തോഷ് ബാബുവിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. സന്തോഷ് ബാബുവിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലും സ്കെയിലിലും 11.10.2022 മുതല്‍ പ്രാബല്യത്തില്‍ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമന വ്യവസ്ഥയിലാണ് ദീര്‍ഘിപ്പിച്ചത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍/എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതലകളും നല്‍കി.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സാധൂകരിച്ചു
ഓക്സ്ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, സെയ്ജന്‍, എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലകളുമായി കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങള്‍ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റല്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറെ ചുമലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |