SignIn
Kerala Kaumudi Online
Saturday, 01 April 2023 12.51 AM IST

ഉദ്യോഗസ്ഥർക്ക് കവചമായിരുന്ന ആര്യാടൻ സർ

aryadan-muhammed

എന്റെ ഓർമ്മയിലെ ആര്യാടൻ സർ ആശയപരമായി വിയോജിപ്പുള്ളവരോട് പോലും യോജിച്ചു പ്രവർത്തിക്കാൻ കഴിവുള്ള ഒരാളായിരുന്നു. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും ശരിയായ നടപടികൾ കൈകൊള്ളുന്ന ഉദ്യോഗസ്ഥർക്കൊപ്പം നിലകൊള്ളുകയും ചെയ്തിരുന്നു അദ്ദേഹം. സർവീസ് കാലയളവിലെ രണ്ടു അനുഭവങ്ങളാണ് ഈ അവസരത്തിൽ ഞാൻ ഓർത്തെടുക്കുന്നത്.
ഒന്നാമത്തേത് അദ്ദേഹം ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയും ഞാൻ ട്രാൻസ്‌പോർട്ട് കമ്മിഷണറും ആയിരുന്ന കാലത്തേതാണ്. 2013 - 2014 കാലയളവ്. ഹെൽമറ്റ് സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച എല്ലാ നിയമങ്ങളും സംസ്ഥാനത്ത് നിലവിലിരിക്കെത്തന്നെ അപകട മരണങ്ങൾ തുടർച്ചയാകുന്നത് പതിവായിരുന്നു. നിയമങ്ങൾ കർശനമായി നടപ്പിലാക്കാത്തതാണ് ഇതിന് കാരണമായി എനിക്ക് ബോദ്ധ്യമായത്. ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വളരെ പൊസിറ്റീവായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമം കൃത്യമായി നടപ്പിലാക്കാൻ അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുടർന്ന് കാര്യക്ഷമമായ നിയമ നടപടികൾ മുഖേന അപകടമരണങ്ങളിൽ കാര്യമായ കുറവ് വരുത്താൻ ആ കാലയളവിൽ ഞങ്ങൾക്ക് കഴിഞ്ഞു.

ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച ഈ സമീപനം ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ എനിക്ക് നല്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഈ ആത്മവിശ്വാസം തന്നെയാണ് എല്ലാ എതിർപ്പുകളെയും തൃണവൽഗണിച്ചുകൊണ്ട് വാഹനങ്ങളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും വിജയകരമായി അത് നടപ്പിലാക്കാനും എന്നെ സഹായിച്ചത്. അദ്ദേഹത്തിന്റെ ഇച്ഛാശക്തി ഞാനുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

രണ്ടാമത്തേത് അദ്ദേഹം വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന കാലത്തേതാണ് (2004 - 2005). അന്ന് കെ.എസ്.ഇ.ബി വിജിലൻസ് മേധാവി ആയിട്ടാണ് ഞാൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഏകദേശം 700 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടുപിടിക്കുന്നതിനും ആ തുക സർക്കാർ ഖജനാവിൽ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ മുഴുവൻ പിന്തുണയോടും കൂടിയാണ്. ഇതിനു ശേഷം എന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിപ്പിക്കുകയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്തത് വലിയ ബഹുമതിയായി ഞാൻ കാണുന്നു.

പരന്നവായനയും ആഴത്തിലുള്ള അറിവും കാര്യങ്ങൾ അപഗ്രഥിക്കാൻ അസാമാന്യ വൈഭവവും അപാരഓർമ്മശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു പുസ്തകം കൈയിലില്ലാതെ അദ്ദേഹത്തെ കാണാൻ കഴിയുക വളരെ അപൂർവമായിരുന്നു. നിയമസഭയിൽ മന്ത്രിയെന്ന നിലയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന അവസരത്തിലോ പ്രസംഗവേളകളിലോ ഒരു പേപ്പറോ പേനയോ പോലും കൈയിൽ കരുതേണ്ടാത്ത വിധം കാര്യങ്ങൾ മുൻകൂട്ടി പഠിച്ചു സഭയിലെത്തി അദ്ദേഹം സംസാരിക്കുന്നത് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിയമസഭാ ഗ്യാലറിയിൽ ഇരുന്ന് അത്ഭുതത്തോടെ കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനിപ്പോഴും കാണുന്നു. ഞങ്ങളെയൊക്കെ പലപ്പോഴും സ്വന്തം മക്കളെപ്പോലെയാണ് അദ്ദേഹം കണ്ടിട്ടുള്ളതെന്ന് അനുഭവത്തിൽനിന്ന് എനിക്ക് പറയാൻ കഴിയും. അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി എന്നെ വളരെയധികം വേദനിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARYADAN MUHAMMED
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.