SignIn
Kerala Kaumudi Online
Thursday, 19 February 2026 9.13 AM IST

'അപ്പോ രമണി കേസ് കൊടുത്തു'; പത്തുലക്ഷം നഷ്ടപരിഹാരം വിധിച്ചു

Increase Font Size Decrease Font Size Print Page
ramani

കൊച്ചി: 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിലെ നായകനെ കുഴപ്പത്തിലാക്കിയത് റോഡിലെ കുഴിയാണെങ്കിൽ, എറണാകുളം രവിപുരം ശാരദാമഠം വൃദ്ധസദനത്തിലെ അന്തേവാസി ടി.കെ.രമണിക്ക് വിനയായത് നിരത്തിലെ സ്ളാബാണ്. എം.ജി റോഡിലെ തകർന്ന സ്ളാബിൽ തട്ടിവീണ 68കാരിക്ക്, പരാതി നൽകി 18 വർഷത്തിനു ശേഷം 86 ാം വയസിൽ 10.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ കൊച്ചി കോർപ്പറേഷൻ തുക നൽകണമെന്നാണ് ഉത്തരവ്. തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ ഇടപെടലാണ് ഈ അവിവാഹിതയ്ക്ക് തുണയായത്.

ഫ്ളാഷ്ബാക്ക്

ഒറീസയിലെ ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലെത്തിയ രമണി ശാരദാമഠത്തിൽ അന്തേവാസിയായി. 2004 ഒക്‌ടോബർ 18ന് രാവിലെ എം.ജി റോഡിലൂടെ നടക്കുമ്പോൾ തകർന്ന സ്ളാബിൽ തട്ടിവീഴുകയായിരുന്നു. വീഴ്ചയിൽ വലതുകൈ ഒടിഞ്ഞുതൂങ്ങി വഴിയിൽക്കിടന്ന രമണിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാരാണ്. ശസ്ത്രക്രിയയുടെ വേദന വകവയ്ക്കാതെ അടുത്തമാസംതന്നെ കോർപ്പറേഷൻ ഓഫീസിലെത്തി പരാതി നൽകി. അഞ്ചുമാസത്തോളം ഹോംനഴ്സിനെ ആശ്രയിച്ചു. ഫിസിയോതെറാപ്പി ഒന്നരവർഷം നീണ്ടു. സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോഴും വലതുകൈയുടെ അവശത മാറിയിട്ടില്ല.

* പരാതി ഫയൽ കാണാതായി

24,544 രൂപ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി ചെലവഴിച്ചതായി 2004ൽ രമണി ഓംബുഡ്സ്‌മാന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനി‌ടെ ഫയൽ കാണാതായി. ഈയടുത്ത് ഓഫീസ് പരിശോധനയ്ക്കിടെ ഫയൽ തിരികെകിട്ടിയ ഉടൻ ഓംബുഡ്സ്മാൻ ഓൺലൈനായി സിറ്റിംഗ് നടത്തി. സ്ളാബുകൾ അശ്രദ്ധയോടെ സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്നു വിലയിരുത്തി നഷ്ടപരിഹാരം വിധിച്ചു. വീഴ്ചവരുത്തിയാൽ 12 ശതമാനം അധികപലിശകൂടി നൽകണമെന്നും നിർദ്ദേശമുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് സംഭവിച്ച അപകടത്തിന്റെ നഷ്ടപരിഹാരം കോർപ്പറേഷൻ നൽകണമെന്ന നിർദ്ദേശത്തിൽ വിയോജിപ്പുണ്ട്. എങ്കിലും പരാതിക്കാരിയുടെ നിസഹായാവസ്ഥ കണക്കിലെടുത്ത് ഇക്കാര്യത്തിൽ യുക്തമായ നടപടി സ്വീകരിക്കും.

അഡ്വ. എം. അനിൽകുമാർ

കൊച്ചി മേയർ

TAGS: SLAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY