SignIn
Kerala Kaumudi Online
Friday, 02 December 2022 9.37 PM IST

എ.ഐ.സി.സിയും ജാലിയൻ വാലാബാഗും

varavisesham

മപ്പണ്ണ മല്ലികാർജുന ഖാർഗെജിയും ശശി തരൂർജിയും ഏറ്റുമുട്ടാൻ പോവുകയാണ്. സംഗതി കോൺഗ്രസാണ്. അതുകൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന് പറയുന്നവരുണ്ട്. ഖാർഗെജിയോട് കളി വേണ്ടെന്ന് പറയുന്നവർ ശശിജിയെ ഉപദേശിക്കാൻ നടക്കുന്നുണ്ട്. പക്ഷേ ഭയം വേണ്ടാ, ജാഗ്രത മതി എന്നാണ് കേസിവേണുഗോപാൽജി തൊട്ടിങ്ങോട്ടുള്ള

പലരും ശശി തരൂർജിയെ പ്രത്യേകമായി ഉപദേശിച്ചിരിക്കുന്നത്.

കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ഒരാളെ കണ്ടെത്താൻ ശരിക്കും പറഞ്ഞാൽ ആഗോള ടെൻഡർ വരെ വിളിക്കാനുള്ള പരിപാടിയിൽ സോണിയാജിയുടെ ഇംഗിതപ്രകാരം കേസീവേണുഗോപാൽജി ഏർപ്പെട്ട് വരികയായിരുന്നു. ആദ്യം നടത്തിയത് കോഴിക്കോട്ടെ അങ്ങാടിയിൽ പോയി ഒരു വിളംബരം പുറപ്പെടുവിക്കലായിരുന്നു. അത് കാലഹരണപ്പെട്ട ഏർപ്പാടായിരുന്നു. അവിടെ നിന്നുകൊണ്ട് വേണുഗോപാൽജി ചെണ്ടകൊട്ടി വിളിച്ചറിയിച്ചിട്ടും ഒരാൾപോലും കേൾക്കുകയോ കേട്ടിട്ടും തിരിഞ്ഞ് നോക്കുകയോ ചെയ്യുകയോ ഉണ്ടായില്ല.

അത് കഴിഞ്ഞ് നായനാർസഖാവ് പറയാറുള്ളത് പോലുള്ള 'കടലാസി'ൽ 'ആളിനെ ആവശ്യമുണ്ട്' എന്ന പേരിൽ പരസ്യം കൊടുത്തുനോക്കി. പരസ്യം കണ്ടാൽ രമേശ് ചെന്നിത്തലാജിയോ എം.എം. ഹസ്സൻജിയോ എങ്കിലും വന്ന് ഒരപേക്ഷ കൊടുക്കുമെന്നാണ് കരുതിയത്. പക്ഷേ അവരും ഒരുമാതിരി നിർമ്മമരായി ഇരിക്കുകയാണുണ്ടായത്. ആരും അടുക്കാതെ വന്നതിനെ തുടർന്ന് രാജസ്ഥാനിൽനിന്ന് സിംഹം അശോക്ജി ഗെലോട്ട്ജിയെ രായ്ക്കുരാമാനം പൊക്കിയെടുത്ത് കൊണ്ടുവരികയുണ്ടായി. കിഡ്നാപ്പിംഗ് ആയിരുന്നു. അതിന് സോണിയാജി മുതൽ രാഹുൽജി വരെയുള്ളവർ ഒരുമാതിരിപ്പെട്ട ഖലാസിമാരുടെയൊക്കെ സഹായം അഭ്യർത്ഥിച്ചതായാണ് ദ്രോണർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. രഹസ്യമായി ആ ഏർപ്പാടുകളുണ്ടാക്കിയത് വേണുജിയാണ് .

ഗെലോട്ട്ജിയെ ഒറ്റയ്ക്ക് എടുക്കുക ഖലാസികൾക്ക് പോലും പ്രയാസമായിരുന്നു. കർണന്റെ കവചകുണ്ഡലം പോലെയൊരു സംഗതി ഗെഹലോട്ട്ജിയിൽ ഒട്ടിപ്പിടിച്ച് കിടക്കുന്നുണ്ടായിരുന്നു. അതൊരു സിംഹാസനം ആയിരുന്നെന്ന് ഒന്ന് രണ്ട് ഖലാസികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞുതന്നു. ആ സിംഹാസനത്തിൽ നിന്ന് ഗെലോട്ട്ജിയുടെ പൃഷ്ഠഭാഗം ഇളക്കിമാറ്റിയെടുത്ത് കൊണ്ടുവരാൻ അവർ പരമാവധി അദ്ധ്വാനിച്ചു നോക്കി. അദ്ധ്വാനമേ സംതൃപ്തി എന്ന പരസ്യവാചകം പറയാൻ മാത്രമാണ് അവർക്ക് സാധിച്ചത്. ഗെലോട്ട്ജിയോ അദ്ദേഹത്തിന്റെ സിംഹാസനമോ ഏതെങ്കിലും ഒന്ന് മാത്രമായി ഇളക്കിക്കൊണ്ടുവരാൻ സാധിച്ചില്ല.

മല്ലികാർജുന ഖാർഗെജിയെ രാജസ്ഥാനിലേക്ക് പറഞ്ഞുവിട്ട് നോക്കി. പടപേടിച്ച് പന്തളത്ത് പോയപ്പോൾ പന്തളം ബാലന്റെ ഗാനമേള കണ്ട് മടങ്ങിയെന്നാണ് ഖാർഗെജി രാജസ്ഥാനിൽ പോയിട്ട് തിരിച്ചുവന്നശേഷം സോണിയാജിയോട് ബോധിപ്പിച്ചത്. അങ്ങനെ ആ ശ്രമം വൃഥാവിലായി.

രാജസ്ഥാനിലെ മുഖ്യമന്ത്രിക്കസേര വേണോ എ.ഐ.സി.സി പ്രസിഡന്റ് വേണോ എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിന്നുപോയി ഗെലോട്ട്ജി എന്ന് ചിലരെല്ലാം പറയുന്നുണ്ട്. ശരിക്കും അങ്ങനെയായിരുന്നില്ല. പകപ്പ് ഗെലോട്ട്ജിക്ക് ഉണ്ടാവാറില്ല. ഗെലോട്ട്ജിയെ ഇനിയാ കസേരയിൽനിന്ന് ഒരുവിധത്തിൽ ഇളക്കിമാറ്റി എന്ന് കരുതുക. പിന്നീട് ആ കസേരയ്ക്ക് എന്താണ് സംഭവിക്കുക? ആ ഭാഗത്തെ വലിയ വിടവിലേക്ക് ചിതലോ മറ്റേതെങ്കിലും പൈലറ്റുമാരോ വന്ന് കയറും. അതോടെ തീർന്നു സംഗതി. നല്ലൊരു കസേരയ്ക്ക് വല്ലാത്ത ഗതി വരുത്തണോ എന്ന് ചിന്തിച്ചവരാരും ഗെഹലോട്ട്ജിയെ കുറ്റം പറയില്ല.

രാജസ്ഥാനിലെത്തിയ ഖാർഗെജിയും ആ സത്യം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഖാർഗെജി മടങ്ങിവന്ന് ആ മഹാത്യാഗത്തിന് തയാറാവുകയുണ്ടായി. ജാലിയൻവാലാബാഗിലെ വെടിവയ്പിന് മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കാൻ ധൈര്യമുള്ളയാളാണ് ഖാർഗെജി. അതുകൊണ്ട് ഖാർഗെജിക്ക് കോൺഗ്രസിന്റെ പ്രസിഡന്റാവുക എന്നതൊക്കെ പറയുന്നത് മൂക്കിൽപൊടി വലിക്കുന്നത് പോലെ നിസ്സാരമായ സംഗതിയാണ്. രാജസ്ഥാനിലെ തർക്കം തീർക്കാനാവാത്ത ഖാർഗെജിയാണ് കോൺഗ്രസിന്റെ രാജ്യത്തെയാകെ തർക്കങ്ങൾ തീർക്കാൻ പോകുന്നതെന്ന് പറയുന്നവരുണ്ട്. അവർക്ക് ഖാർഗെജിയെ അറിയില്ല. അദ്ദേഹം ഒന്നുമില്ലെങ്കിലും ഒരു ബുദ്ധിസ്റ്റാണ്. ബുദ്ധന്റെ അഹിംസ അറിയാവുന്ന ഖാർഗെജിക്കറിയാം കോൺഗ്രസിനെ എങ്ങനെ നന്നാക്കണമെന്ന്.

ശശി തരൂർജിയുടെ അവസ്ഥ അല്പം പരിതാപകരമാണ്. കടലാസിലെ ആദ്യത്തെ പരസ്യം കണ്ടപ്പോൾത്തന്നെ തരൂർജി അപേക്ഷ അയച്ചതായിരുന്നു എന്നാണ് ചിലരെല്ലാം പറയുന്നത്. തിവാരീജി, ശർമാജി തുടങ്ങിയ ഇരുപത്തിമൂന്ന് ജിമാരുടെ കൂട്ടത്തിലെ ആളുകൾ പോലും തരൂർജിയെ കണ്ടിട്ട് മനസ്സിലാവുന്നില്ലെന്നാണ് പറയുന്നത്. ഖാർഗെജിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിക്കുന്നതും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വെടിവയ്പിന് മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കുന്നതും ഒരുപോലെയാണ്.

രാഹുൽജിയുടെ സാന്നിദ്ധ്യത്തിൽ ചെന്നിത്തലാജി കഴിച്ച ഹാഫ് വെജും ഹാഫ് നോൺവെജുമായ സമോസയുടെ അവസ്ഥയിലായിപ്പോയിട്ടുണ്ട് തരൂർജിയുടെയും നിലയെന്ന് ചിന്തിക്കുന്നവരുണ്ട്. തരൂർജിയെ അവർക്കൊന്നും ശരിക്കും മനസ്സിലാവാത്തതിന്റെ കുഴപ്പമാണ്.

  

- പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി എന്ന പാട്ടും സി.പി.ഐയിലെ തർക്കവും തമ്മിൽ ബന്ധമൊന്നുമില്ല. ഏത് പ്രായക്കാർക്കും കടന്നുകൂടാൻ പറ്റിയ സംവിധാനമല്ല സി.പി.ഐ. കാനം സഖാവിനെപ്പോലെ എഴുപത്തിരണ്ട് വയസ്സ് - എഴുപത്തി മൂന്ന് വയസ്സ് ഒക്കെയുള്ളവർക്ക് വരാം. പട്ടാളക്കാരനായ ഇസ്മായിൽ സഖാവ് പയറ് പോലെ നടന്നാലും സഖാവിന് പ്രായം എഴുപത്തിയാറാണ്. കാനംസഖാവ് പട്ടാളത്തിൽ പോയിട്ടില്ല. അതുകൊണ്ട് പയറ് പോലെ നടക്കാനാവില്ല. പത്തെൺപത് വയസ്സായാലും ഏത് ഗുസ്തിക്കാരനെയും തോല്പിക്കാൻ ദിവാകരൻ സഖാവിന് പറ്റും. പക്ഷേ ഇങ്ങനെയുള്ള പട്ടാളക്കാരുടെയും ഗുസ്തിക്കാരുടെയും എണ്ണം കൂടിപ്പോയാൽ സംഗതി ഗുലുമാലാകും എന്ന് കാനം സഖാവിനറിയാം. ഇതാണോ കാനപ്പക എന്ന് ചോദിക്കുന്നവർക്ക് കാനമെന്താണെന്നോ പകയെന്താണെന്നോ നല്ല ബോദ്ധ്യമില്ലാത്തതിന്റെ കുറവാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.