
സുൽത്താൻ ബത്തേരി: നിയമസഭാ സീറ്റുകളിലേയ്ക്ക് മത്സരിക്കുന്നവരുടെ ലിസ്റ്റ് സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി സുൽത്താൻ ബത്തേരിയിൽ നടന്ന ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റിന്റെ സമാപനത്തോടനുബന്ധിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുത്ത് പ പരിഹാരം കാണും. ജനവിശ്വാസം നേടിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം. വിലക്കയറ്റംമുതൽ ശബരിമല സ്വർണക്കൊള്ളവരെയുള്ള കാര്യങ്ങളിൽ സി.പി.എമ്മിന്റേത് കള്ളന്മാരെ സംരക്ഷിക്കുന്ന നിലപാടാണ്. കേരളത്തിൽ ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. അസംബ്ലി തിരഞ്ഞെടുപ്പിലും ഇതാവർത്തിക്കും.
കോൺഗ്രസിന്റെ ബൂത്ത്കമ്മറ്റികൾ പുനസംഘടിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത ഇല്ലാതാക്കണം .എസ്.ഐ.ആറിന്റെ പേരിൽ നടക്കുന്നത് വോട്ട് സംരക്ഷിക്കലല്ല നിഷേധിക്കലാണ്. വോട്ടർ പട്ടിക കുറ്റമറ്റതാകണം. ഇതിന് പ്രവർത്തകർ കണ്ണിലെണ്ണയെഴിച്ച് ജാഗരൂഗരായിരിക്കണം. സ്വർണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക,തൊണ്ടി മുതൽ കണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 20ന് നിയമസഭയിലേക്കും, 23ന് ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. തൊഴിലുറപ്പിന്റെ പേര് പോലും മാറ്റിമറിച്ച ഭേദഗതി ബില്ലിനെതിരെ 13,14 തിയതികളിൽ എ ജി ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയികളായവരുടെ സംഗമം 19ന് എറണാകുളത്ത് നടക്കും.രാഹുൽ ഗാന്ധി പങ്കെടുക്കും.
മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരാളെ പരിഗണിച്ചാൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറിനിൽക്കാൻ തയാറെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു. അതേസമയം ചാണ്ടി ഉമ്മന്റെ ആവശ്യം തള്ളിയതായാണ് വിവരം. അച്ചുഉമ്മൻ അടക്കമുള്ളവരുടെ പേര് ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ചാണ്ടി നിലപാട് അറിയിച്ചതെന്നാണ് സൂചന.
കോൺ.സ്ഥാനാർത്ഥി:ആദ്യ
ലിസ്റ്റ്ഈ മാസം ഒടുവിൽ
പ്രദീപ് മാനന്തവാടി
സുൽത്താൻ ബത്തേരി:നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ
ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കാൻ ആലോചന.മധുസൂദനൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി ഉടൻ കേരളം സന്ദർശിക്കും. പ്രദേശിക തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് നിർദ്ദേശങ്ങൾ
സമർപ്പിക്കും.
നിലവിലെ എം.പി.മാർ വീണ്ടും മത്സരിക്കണോ എന്നത് തിരഞ്ഞെടുപ്പ് , സ്ക്രീനിംഗ് കമ്മിറ്റികളിൽ ചർച്ച ചെയ്യും.നിലവിൽ 22 എം.എൽ.എമാരാണ് കോൺഗ്രസിനുളളത്. 65 സീറ്റ് തനിച്ച് കോൺഗ്രസ് നേടണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ കേരള യാത്ര നടത്തും.എഴുപത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കൊണ്ടുളള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കാണ് രൂപം നൽകിയത്.സ്ഥാനാർത്ഥികളെയും കൊണ്ടായിരിക്കും പ്രചാരണം. കേരളസർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം പരമാവധി പ്രയോജനപ്പെടുത്താനുളള തന്ത്രങ്ങളാണ് ആവിഷ്ക്കരിച്ചത്.ശബരിമല സ്വർണക്കൊള്ള മുഖ്യ വിഷയമാക്കും.
കനുഗോലുവിന്റെ
സേവനങ്ങൾ
എ.ഐ.സി.സി അംഗം സുനിൽ കനുഗോലുവിന്റെ സേവനങ്ങൾ വീണ്ടുംപ്രയോജനപ്പെടുത്താൻ കോൺഗ്രസ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സർവ്വേകൾക്കും മറ്റുമായാണ് അദ്ദേഹത്തെ ആശ്രയിക്കുക. ഒരു തോണിയിലെ തുഴച്ചിൽക്കാർ ഒരേ താളത്തിൽ തുഴഞ്ഞാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താൻ സാധിക്കുകയുളളൂവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു പാർട്ടിയിലെ ഐക്യവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഒത്തുചേർന്ന് പോയാൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് ക്യാമ്പ് വിലയിരുത്തി.
നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ്
അധികാരത്തിലെത്തും: വി.ഡി. സതീശൻ
സുൽത്താൻബത്തേരി: നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സുൽത്താൻബത്തേരിയിൽ നടന്ന കെ.പി.സി.സി നേതൃയോഗത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ സീറ്റ് വിഭജനം ചരിത്രത്തിലാദ്യമായി തർക്കങ്ങളില്ലാതെ ഉടൻ പൂർത്തിയാക്കും.
തിരഞ്ഞെടുപ്പിന് മുമ്പ് വിസ്മയം ഉണ്ടാകും. എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും പലരും യു.ഡി.എഫിനൊപ്പമുണ്ടാവും.
അധികാരത്തിൽ വന്നാൽ സ്വപ്ന പദ്ധതികൾ നടപ്പിലാക്കും. ആരോഗ്യ രംഗം മുതൽ സമ്പദ് വ്യവസ്ഥവരെ നല്ല നിലയിൽ നടപ്പാക്കും .നികുതിക്കൊള്ള നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. യാഥാർത്ഥ്യബോധത്തോടെയും പ്രായോഗികമായും നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ പ്രകടനപത്രികയിൽ ഉൾപ്പെടുത്തൂ. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കമുണ്ടെന്ന വാർത്തകൾ ചിലർ സൃഷ്ടിക്കുന്നതാണ്.
തലക്കെട്ട് വായിച്ച് വിവാദം
സൃഷ്ടിക്കുന്നു : ശശി തരൂർ
സുൽത്താൻ ബത്തേരി: തന്റെ പ്രസ്താവനകൾ മുഴുവൻ വായിക്കാതെ തലക്കെട്ടുകൾ മാത്രംവായിച്ചാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് എ.ഐ.സി.സി അംഗം ശശിതരൂർ. താൻ പാർട്ടിലൈൻ വിട്ടുവെന്ന് ആരാണ് പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് സജീവമായി ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
ചില വിഷയങ്ങളിൽ എന്റെ അഭിപ്രായം പ്രകടിപ്പിച്ചു എന്ന് കരുതി ഞാൻ പാർട്ടി വിരുദ്ധനല്ല. പാർട്ടി തീരുമാനമനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. മോദിയെ ബഹുമാനിച്ചത് പ്രായമായ വരെ ബഹുമാനിക്കുക എന്ന ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. കെ.പി.സി.സി ദ്വിദിന നേതൃത്വ ക്യാമ്പിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |