കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ നോട്ടീസ് നൽകിയത് ,ഡോളർ കടത്തു കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയതിനു പിന്നാലെ.
യു.എ.ഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഈജിപ്തിലേക്ക് ഡോളർ കടത്തിയെന്നു സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഡോളർ കടത്തു കേസ് കസ്റ്റംസ് രജിസ്റ്റർ ചെയ്തത്. ഖാലിദ് മുഹമ്മദ് ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളർ (1.30 കോടി രൂപ) ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷനാണ്.. ഇതിൽ ഒരു കോടി രൂപ എം. ശിവശങ്കറിന് കൈക്കൂലിയായി നൽകിയെന്നും, ഈ തുകയാണ് സ്വപ്നയുടെ ലോക്കറുകളിൽ നിന്നു പിടിച്ചെടുത്തതെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
2018 ലെ പ്രളയത്തിനു ശേഷം വീടു നഷ്ടപ്പെട്ടവർക്കു വീടു വച്ചു കൊടുക്കാമെന്ന വാഗ്ദാനവുമായി യു.എ.ഇ റെഡ് ക്രസന്റ് സർക്കാരിനെ സമീപിച്ചിരുന്നു. ഒരു കോടി ദിർഹമായിരുന്നു (18.75 കോടി രൂപ) പദ്ധതിച്ചെലവ്. ഇതിൽ 30 ലക്ഷം ദിർഹം യു.എ.ഇ കോൺസുലേറ്റിന് കമ്മിഷനായി ലഭിച്ചു. ഇതിൽ നിന്ന് ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സി.ബി.ഐ കേസ് റദ്ദാക്കാൻ ലൈഫ് മിഷൻ സി.ഇ.ഒ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
നിയമം മറികടക്കാൻ
കള്ളക്കളി
പ്രളയ ബാധിതർക്ക് വീടും ആശുപത്രിയും നിർമ്മിക്കുന്നതിന് ഒരു കോടി യു.എ.ഇ ദിർഹമിന്റെ ധനസഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനു വേണ്ടി ലൈഫ് മിഷൻ യു.എ.ഇ റെഡ് ക്രസന്റുമായി 2019 ജൂലായ് 11 ന് ധാരണാപത്രം ഒപ്പു വച്ചിരുന്നു. ഇതിനു തുടർ കരാറുകളുണ്ടാക്കിയില്ല. എന്നാൽ വടക്കാഞ്ചേരിയിലെ 2.17 ഏക്കർ സർക്കാർ ഭൂമിയിൽ വീടുകളും ആശുപത്രിയും നിർമ്മിക്കാൻ യൂണിടാക്, സാൻവെഞ്ച്വേഴ്സ് എന്നീ നിർമ്മാണ കമ്പനികൾ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലർ ജനറലുമായി 2019 ജൂലായ് 31ന് രണ്ടു കരാറുകളുണ്ടാക്കി. ധനസഹായം നൽകിയ റെഡ് ക്രസന്റിനെയും ധാരണാപത്രം ഒപ്പുവച്ച ലൈഫ് മിഷനെയും ഒഴിവാക്കിയാണ് കരാറുണ്ടാക്കിയത്. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാൻ ഉന്നത തലത്തിൽ കള്ളക്കളി നടന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.