പാലക്കാട്: വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ്റ്റോപ്പിന് സമീപത്ത് അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.
ആറു പുരുഷൻമാരും മൂന്നു സ്ത്രീകളും മരിച്ചിട്ടുണ്ട്. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.
അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരു ആംബുലൻസിൽ ഒരു കൈപ്പത്തി മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീൺ വർഗീസ് (തിരുപ്പൂർ), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുൾ റൗഫ് (പൊന്നാനി).
തൃശ്ശൂരിൽ ചികിത്സയിലുള്ളവർ: ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിൻ ജോസഫ് (15), ജനീമ (15), അരുൺകുമാർ (38), ബ്ലെസ്സൻ (18), എൽസിൽ (18), എൽസ (18).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |