ഇന്ത്യൻ സിനിമയുടെ അഭിമാന താരമായ അമിതാഭ് ബച്ചന്റെ 80-ാം പിറന്നാളാണിന്ന്. ആരാധാകരും സിനിമാലോകവും ബിഗ് ബിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. 500 രൂപ ശമ്പളക്കാരനായി തുടങ്ങിയ അദ്ദേഹം ഇന്ന് കോടികളാണ് സമ്പാദിക്കുന്നത്. അത്യാഡംബര ജീവിതം നയിക്കുന്ന അമിതാഭ് ബച്ചൻ നാല് ബംഗ്ലാവുകളുടെ ഉടമയാണ്. 3,500 കോടിയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ വാർഷിക വരുമാനം 60 കോടി രൂപയാണ്. ബിഗ് ബിയുടെ ആഡംബര ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാം.
വരുമാനം
സിനിമ, പരസ്യം എന്നിവയാണ് അമിതാഭ് ബച്ചന്റെ വരുമാന സ്രോതസുകൾ. അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്ക് ഏകദേശം ആറ് കോടി രൂപയും പരസ്യത്തിന് അഞ്ച് കോടി രൂപയുമാണ് പ്രതിഫലം. റിയൽ എസ്റ്റേറ്റ് കൂടാതെ ജസ്റ്റ് ഡയൽ പോലുള്ള പല സ്റ്റാർട്ടപ്പുകളിലും ബച്ചൻ പണം നിക്ഷേപിച്ചിട്ടുണ്ട്.
സ്വത്തുക്കൾ
മുംബയിൽ നാല് ബംഗ്ലാവുകളാണ് അമിതാഭ് ബച്ചനുള്ളത്. ജുഹു പ്രദേശത്തുള്ള ജൽസ എന്ന ബംഗ്ലാവിലാണ് താരം കുടുംബത്തോടൊപ്പം താമസിക്കുന്നത്. 100 കോടി രൂപയ്ക്കാണ് ഈ ബംഗ്ലാവ് നിർമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ബംഗ്ലാവായ 'പ്രതീക്ഷ' പണികഴിപ്പിച്ചത് 160 കോടി രൂപയ്ക്കാണ്. അമിതാഭ് ബച്ചന് ഫ്രാൻസിലും സ്വത്തുക്കളുണ്ടെന്നാണ് റിപ്പോർട്ട്.
കൂടാതെ അദ്ദേഹത്തിന്റെ വസതിയിൽ ഒരു കാളയുടെ പെയിന്റിംഗുണ്ട്. സ്വീകരണമുറിയിൽ കാണുന്ന ഈ ചിത്രത്തിന് നാല് കോടി രൂപയാണ് വില. ഇതിന് പുറമേ, ലെക്സസ്, റോൾസ് റോയ്സ്, ഫാന്റം, ബി എം ഡബ്ല്യൂ, മെഴ്സിഡസ് എന്നിവയുൾപ്പെടെ പതിനൊന്ന് ആഡംബര കാറുകളാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ കാർ ശേഖരത്തിലെ ഏറ്റവും വിലകൂടിയ റോൾസ് റോയ്സ് 'ഏകലവ്യ' എന്ന ചിത്രത്തിന്റെ നിർമാതാവ് വിധു വിനോദ് സമ്മാനിച്ചതാണ്. ഏകദേശം പതിനൊന്ന് കോടി രൂപയാണ് ഈ കാറിന്റെ വില. 260 കോടി വിലവരുന്ന ഒരു ജെറ്റും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |