തിരുവനന്തപുരം: നഗരസഭ നിയമനക്കത്ത് വിവാദത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മേയർ ആര്യാ രാജേന്ദ്രൻ എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് മാദ്ധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്നും, അത്തരത്തിലൊരു കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ആനാവൂർ. എന്നാൽ പാർട്ടി സഖാക്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കും. അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആനാവൂർ മാദ്ധ്യമങ്ങളോട പ്രതികരിച്ചു.
അന്വേഷണം നടത്താതെ നേരത്തെ കയറി അഭിപ്രായം പറയാൻ താനില്ല. പൊലീസ് അന്വേഷിച്ച് ആവശ്യമായ തീരുമാനം എടുക്കും. പക്ഷേ ഞങ്ങളുടെ പാർട്ടിയിൽ ആരോപണം ഉണ്ടായാൽ അത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. പാർട്ടി സഖാക്കളുടെ തെറ്റ് തിരുത്തേണ്ട ചുമതല ഞങ്ങളുടേതാണ്.
അഴിമതിക്കെതിരെ നടപടികൾ എടുക്കുന്ന മേയറെ അഴിമതിക്കാരിയാക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ആനാവൂർ ആരോപിച്ചു. സോണൽ ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മേയർ സ്വീകരിച്ച നടപടികളെ പുകഴ്‌ത്തികൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഇന്ധനമാകുന്നത് മാദ്ധ്യമങ്ങളാണെന്നും, മാദ്ധ്യമങ്ങൾ നഗരസഭയ‌്ക്കെതിരായി ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
തങ്ങളുടെ കൈ ശുദ്ധമാണെന്നും, അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷത്തിനെ വീണ്ടും ജയിപ്പിച്ചതെന്ന് ആനാവൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |