പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ കോണിപ്പടിയിൽ അവശയായി കണ്ടെത്തി. കുട്ടിയുടെ കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം അലനല്ലൂർ ഹൈസ്ക്കൂളിലാണ് സംഭവമുണ്ടായത്.
വൈകിട്ട് അഞ്ചര കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ അദ്ധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന് പ്രദേശവാസികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലും പരിസരത്തും തെരച്ചിൽ നടത്തി. ഏഴ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ താഴെ എത്തിച്ച് മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കണ്ണുതുറന്നു.
സംഭവത്തിൽ നാട്ടുകൽ പൊലീസും മണ്ണാർക്കാട് ഡിവൈഎസ്‌പിയും സ്ഥലത്തെത്തി നടത്തിയ അന്വേഷണം നിർണായക വഴിത്തിരിവിലാണ് എത്തിയത്. തന്നെ രണ്ടുപേർ ചേർന്ന് വിളിച്ചുകൊണ്ടുപോയി കൈകൾ കെട്ടിയിട്ടു എന്നാണ് കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സ്വയം ചെയ്തതാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്.
കുട്ടി ഉച്ചഭക്ഷണം കഴിച്ചിരുന്നില്ലെന്നും കണ്ടെത്തി. വീട്ടിലെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ ചൊല്ലി കുട്ടിയും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി സ്വയം കൈകൾ കെട്ടി മൂന്നാം നിലയിൽ ഒളിച്ചിരുന്നതെന്നും മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറയുന്നു. നിലവിൽ സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |