SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

മഞ്ജരിയെ മാറ്റി, കേരളത്തിലെ സർക്കാർ ഓഫീസുകൾ ഇനി മഞ്ജുള ഭരിക്കും

Increase Font Size Decrease Font Size Print Page
secretariate

തിരുവനന്തപുരം: 51 വർഷങ്ങൾക്കു ശേഷം മലയാളം ലിപി പരിഷ്കരണം സർക്കാർ വകുപ്പുകളിൽ പ്രാവർത്തികമായി. ധനകാര്യവകുപ്പിലെ ചില വിഭാഗങ്ങൾ ഒഴികെ ഇ- ഓഫീസ് സംവിധാനമുള്ള വകുപ്പുകളിൽ പരിഷ്കരിച്ച ഫോണ്ട് നടപ്പാക്കി. സർക്കാർ ഓഫീസുകളിലും നിയമസഭ, കളക്ടറേറ്റ്, പബ്ളിക് ഓഫീസ് തുടങ്ങിയ പൊതു സംവിധാനങ്ങളിൽ ഭൂരിഭാഗവും പുതുക്കിയ ലിപിയായ മന്ദാരമാണ് ഡീഫോൾട്ട് ഫോണ്ടായി ഉപയോഗിക്കുന്നത്. പത്രമാദ്ധ്യമങ്ങളിലുൾപ്പെടെ പുതുക്കിയ ശൈലിയും ഫോണ്ടും ഉപയോഗിക്കണമെന്നാണ് ലിപി പരിഷ്കരണ സമിതിയുടെ ശുപാർശ.

സർക്കാർ ഓഫീസുകളിൽ പരിഷ്കരിച്ച ഫോണ്ടുകളും ലിപിയും മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ലിപി പരിഷ്കരണ സമിതി. മിയ, മഞ്ജുള, മന്ദാരം, രഹ്ന, തുമ്പ എന്നീ അഞ്ച് മലയാളം ഫോണ്ടുകളാണ് സോഫ്ട്‌വെയറിൽ സൗജന്യമായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സിഡിറ്റ് രൂപപ്പെടുത്തിയ നിള 1, നിള 2 ഫോണ്ടുകൾ പരിഷ്കരിച്ചാണ് മന്ദാരം, തുമ്പി ലിപികൾ രൂപപ്പെടുത്തിയത്. കെ.എച്ച്. ഹുസൈൻ രൂപപ്പെടുത്തിയ രചന, മീര ഫോണ്ടുകൾ പരിഷ്കരിച്ചതാണ് രഹ്നയും മിയയും. സ്വതന്ത്ര മലയാളം ടീം രൂപപ്പെടുത്തിയ മഞ്ജരി ഫോണ്ട് പരിഷ്കരിച്ചാണ് മഞ്ജുള രൂപീകരിച്ചത്.

പുതിയ ലിപി പ്രകാരമുള്ള പാഠപുസ്തകങ്ങൾ അടുത്ത അദ്ധ്യയന വർഷം മുതൽ ലഭ്യമാക്കാനുള്ള നടപടികൾ സജീവമാക്കി.

ലിപി പരിഷ്കരണത്തിന് അംഗീകാരം ലഭിച്ചതോടെ കൈപ്പുസ്തകവും ഭാഷാവിഭാഗം ഒരുക്കി.

കഴിഞ്ഞ മേയിലാണ് ലിപി പരിഷ്കരണ സമിതിയുടെ റിപ്പോർട്ടിനും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗീകാരം നൽകിയത്. പഴയ കൂട്ടക്ഷരങ്ങളെ തിരികെ കൊണ്ടുവന്നും ഉ, ഊ ( ു,ൂ) എന്നിവയുടെ ചിഹ്നങ്ങളെ പുതിയ രീതിയിൽ വേർതിരിച്ചുമുള്ള ലിപി പരിഷ്കരണത്തിന്റെ പ്രത്യേകത കൂട്ടക്ഷരങ്ങൾ വർദ്ധിച്ചു എന്നതാണ്. 1971നു ശേഷം ശബ്ദതാരാവലിയിൽ ഇല്ലാത്ത, എന്നാൽ ഉപയോഗത്തിലുള്ള പല പദങ്ങളും കണ്ടെത്തി അതുകൂടി ഉൾപ്പെടുത്തി ആയിരം വാക്കുകൾ കൈപുസ്തകത്തിലുണ്ട്.

TAGS: MANJARI, MANJULA, MALAYALAM LIPI, FONT, KERALA GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY