ന്യൂമാഹി (കണ്ണൂർ): യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി, സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് എം.കെ രാഘവൻ എം.പി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം കഴിഞ്ഞ് എന്തുചെയ്യണമെന്ന് ആലോചിക്കാമെന്നും ശശി തരൂർ എം.പി പറഞ്ഞു. യൂത്ത്കോൺഗ്രസുകാരും കോൺഗ്രസുകാരും കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങൾ കേൾക്കാനും വിഷയം മനസിലാക്കാനും എത്തിയിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ തന്നെ സജീവമാണെന്നും ശശിതരൂർ പറഞ്ഞു.
ന്യൂമാഹി മലയാള കലാഗ്രാമത്തിൽ കഥാകൃത്ത് ടി.പദ്മനാഭന്റെ പ്രതിമ അനാവരണത്തിനെത്തിയ തരൂർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അന്വേഷിക്കണമെന്ന ആവശ്യം കെ. മുരളീധരനും ആവർത്തിച്ചിട്ടുണ്ടെന്ന് എം.കെ. രാഘവൻ പറഞ്ഞു.
തരൂർ വിഷയത്തിൽ
പരസ്യ പ്രസ്താവന
പാർട്ടി വിലക്കി
തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾ വിലക്കി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് നിർദ്ദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെ.പി.സി.സി വാർത്താക്കുറിപ്പിൽ പറയുന്നു.
പാർട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി കർശന നിർദ്ദേശം നൽകി. മറ്റുവിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യും. കോൺഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസ്സവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
തരൂരിന് മതേതര നിലപാട്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടില്ല. പ്രശ്നം പരിഹരിക്കാനുള്ള പ്രാപ്തി കോൺഗ്രസിനുണ്ട്. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ അറിയാം. തരൂർ മതേതര നിലപാട് ഉയർത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയത് കൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നത്. ശശി തരൂർ പാണക്കാടെത്തുന്നത് സൗഹൃദ സന്ദർശനമായാണ്. സ്വാഭാവികമായും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകും.
തരൂരിനെ തടയുന്നതിന് പിന്നിൽ
മുഖ്യമന്ത്രി മാേഹികൾ: മുരളീധരൻ
കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് തടയിട്ടതിന്റെ ഉദ്ദേശ്യം വേറെ ചിലതാണെന്നും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവർക്ക് പ്രയാസം കാണുമെന്നും കെ. മുരളീധരൻ എം.പി കോഴിക്കോട്ട് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. അത് ആഗ്രഹിക്കാത്തതുകൊണ്ട് തനിക്ക് പ്രയാസമില്ല. സദുദ്ദേശ്യത്തിലല്ല വിലക്ക് വന്നത്. മര്യാദയ്ക്കല്ലാതെ നടക്കുന്ന ആലോചനകളെല്ലാം ഗൂഢാലോചനയാണ്. എതിർപ്പില്ലാത്തവർ തരൂരിനെതിരെ ഗൂഢാലോചന നടത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രിയായി ആരുവന്നാലും എന്താണ് പ്രശ്നം?
ഇപ്പോഴത്തെ ലക്ഷ്യം പിണറായി സർക്കാരിനെ വോട്ടെടുപ്പിലൂടെ പുറത്താക്കലാണ്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് ശശി തരൂർ. അദ്ദേഹത്തെ ഉപയോഗിക്കണം. അതിന് ആരും തടസം നിൽക്കരുത്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ അപ്പോൾ തീരുമാനിക്കാം.
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. അത് ആവർത്തിയ്ക്കാൻ പാടില്ല. എവിടെ പരിപാടിയ്ക്ക് വരുമ്പോഴും പാർട്ടി പരിപാടിയാണെങ്കിൽ ഡി.സി.സിയെ അറിയിക്കണമെന്ന നിർദ്ദേശം മാത്രമേ കെ.പി.സി.സി നൽകിയിട്ടുള്ളൂ. അത് ഇവിടെ ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ ഏക പാർലമെന്ററി സെക്രട്ടറിയായ എം.കെ.രാഘവൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അത് ഔദ്യോഗിക അറിയിപ്പാണ്. പാർട്ടി പ്രോട്ടോകോൾ ലംഘിച്ചിട്ടില്ല. ഇത് വിഭാഗീയ പ്രവർത്തനമല്ലെന്നും മുരളീധരൻ പറഞ്ഞു.
ശശി തരൂരിനോട് ടി. പദ്മനാഭൻ :
ധീരമായി മുന്നേറൂ;
വിജയം സുനിശ്ചിതം
പ്രത്യേക ലേഖകൻ
ന്യൂമാഹി: ധീരമായി മുന്നേറൂ, വിജയം സുനിശ്ചിതമെന്ന് ശശി തരൂരിന് പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭന്റെ ഉപദേശം.
''ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്തവർ നിൽക്കുന്ന ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിങ്ങൾ തോറ്റിട്ടില്ല, ജയിച്ചിട്ടേയുള്ളൂ. നിങ്ങളെ വക വരുത്താൻ ആവനാഴിയിലെ മുഴുവൻ അമ്പുകളും പ്രയോഗിച്ചവരുണ്ട്. പക്ഷേ, ഒരിക്കലും പിന്മാറരുത്. എന്ത് എതിർപ്പുകളുണ്ടായാലും കോൺഗ്രസ് വിട്ടു പോകരുത്. യുവജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്"". ന്യൂമാഹി മലയാള കലാഗ്രാമത്തിൽ തന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ തരൂരിനെ വേദിയിലിരുത്തി
ടി. പദ്മനാഭൻ പറഞ്ഞു.
പഴയ കോൺഗ്രസുകാരനായ എനിക്ക് ഇതൊക്കെ പറയാം. ഒരു കാലത്ത് കോൺഗ്രസിനു വേണ്ടി ഞാൻ പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആ പഴയ കോൺഗ്രസുകാരനായ ഞാൻ മരിച്ചു. പക്ഷെ, മരിക്കുമ്പോൾ ത്രിവർണ പതാക പുതപ്പിക്കണമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. രണ്ടു തെറ്റാണ് ശശി തരൂർ ചെയ്തത്. ഒന്ന്, ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. മറ്റൊന്ന്, കേരളത്തിൽ പ്രവർത്തിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ പറയുന്നുണ്ടെങ്കിലും നമ്മുടെ നാട് നരകമാണ്. ജീവിക്കാൻ കൊള്ളാത്തതാണ്. ഞങ്ങൾ വാമനന്മാർക്ക് വലിയവരെ സഹിക്കില്ല. അക്ഷര സ്നേഹികളെയും വലിയവരെയും സഹിക്കാനുള്ള മനസ്സ് മലയാളിക്കില്ല- പദ്മനാഭൻ പറഞ്ഞു.
മന്നം ജയന്തി ആഘോഷം:
ഉദ്ഘാടകനായി തരൂർ
വി.ജയകുമാർ
കോട്ടയം: കോൺഗ്രസിലെ ഒരു വിഭാഗം ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെ, എൻ.എസ്.എസ് ആസ്ഥാനത്ത് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.
വർഷങ്ങളായി കെ.പി.സി.സി പ്രസിഡന്റടക്കമുള്ള നേതാക്കൾക്ക് എൻ.എസ്.എസ് ആഘോഷങ്ങളിൽ സദസിലിരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെയിരിക്കെയാണ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കൊപ്പം ശശി തരൂർ വേദി പങ്കിടുന്നത്. തരൂർ ഉദ്ഘാടകനായതിനാൽ അദ്ദേഹത്തെ എതിർക്കുന്ന കോൺഗ്രസ് നേതാക്കൾ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങുമോയെന്ന സംശയവും ഉയരുന്നു. തരൂർ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. മലബാറിൽ മുസ്ലിംലീഗ് ഉന്നത നേതാക്കളെ കണ്ട് ആശീർവാദം വാങ്ങിയതിനു പിന്നാലെ, എൻ.എസ്.എസിന്റെ ഗുഡ് ബുക്കിലും തരൂർ ഇടം പിടിക്കുന്നത് അസ്വസ്ഥതയോടെയാണ് പല കോൺഗ്രസ് നേതാക്കളും കാണുന്നത്,
അതേസമയം, മുൻ കാലങ്ങളിലും നിരവധി കോൺഗ്രസ് നേതാക്കൾ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും, ശശി തരൂരിനെതിരെയുള്ളത് പാർട്ടി അച്ചടക്ക സമിതി പരിശോധിക്കേണ്ട വിഷയമല്ലെന്നും ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അറിഞ്ഞില്ലെന്ന്
ഡി.സി.സി
ശശി തരൂർ മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അറിഞ്ഞില്ലെന്ന് കോട്ടയം
ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. മലബാറിൽ പര്യടനം നടത്തുന്ന തരൂർ കോട്ടയത്ത് വരുന്നതിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വന്നാൽ കെ.പി.സി.സി തീരുമാനമനുസരിച്ച് പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |