കോഴിക്കോട്: ശശി തരൂർ എം പിയുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കിൽ താൻ തന്നെ അദ്ദേഹത്തെ തള്ളിപ്പറയുമായിരുന്നെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സ്‌പോർട്സ്‌മാൻ സ്‌പിരിറ്റിൽ പറഞ്ഞാൽ, നമ്മൾ ആളുകളെ വിലകുറച്ചുകണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയതുപോലെ പറ്റും.അതായത് സൗദിയെ വളരെ ചെറിയ രാജ്യമായി കണ്ടു. അങ്ങനെ നിസാരമട്ടിൽ നേരിട്ടു. അവസാനം മെസിക്ക് ഇന്നലെ തലയിൽ മുണ്ടിട്ട് പോകേണ്ടിവന്നില്ലേ. നമ്മൾ ഒരാളെ വെറുതെ തെറ്റിദ്ധരിക്കണ്ട. ഈ ബലൂൺ ചർച്ചകളിലോട്ടൊന്നും പോകണ്ട.'- മുരളീധരൻ പറഞ്ഞു.
മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ എന്ന് തരൂരിനെ ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരോക്ഷമായി പരിഹസിച്ചിരുന്നു. സമാന്തര പ്രവർത്തനം വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിൽ ഗ്രൂപ്പിന്റെ ഭാഗമായല്ല വന്നതെന്നും വിഭാഗീയതയുടെ എതിരാളിയാണ് താനെന്നും തരൂരും തിരിച്ചടിച്ചു. ശശി തരൂരിന്റെ മലബാർ പര്യടനത്തിന്റെ പേരിലുള്ള പരസ്യ പ്രസ്താവനകൾ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |