തിരുവനന്തപുരം: മദ്യപ്ലാന്റ് വിവാദത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെ പരിഹസിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ക്യാബിനറ്റ് നോട്ടായി സർക്കാർ രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച കാര്യമാണ് പ്രതിപക്ഷനേതാവ് പുതിയ രേഖയായി പുറത്തുവിട്ടതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഈ മാസം 16ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരമാണ് പുതിയ തെളിവെന്ന പോലെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാവർക്കും അറിയാവുന്ന പോലെ കാര്യങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ കിട്ടും. അതാണ് വലിയ രഹസ്യ രേഖ എന്ന പോലെ പ്രതിപക്ഷം പുറത്തുവിട്ടത്. ഇടതുമുന്നണി അധികാരത്തിൽ വന്ന അന്ന് മുതൽ വെബ്‌സൈറ്റിൽ ഇതെല്ലാം ലഭ്യമാകുന്നുണ്ട്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുകയാണ്. നയം മാറ്റം ഒരു കമ്പനി മാത്രം അറിഞ്ഞെന്ന് പച്ചക്കള്ളം പറയുന്നു'- മന്ത്രി വ്യക്തമാക്കി.
പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രം ആലോചിച്ചെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നോട്ട് വിഡി സതീശൻ പുറത്തുവിട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോൾ മന്ത്രി രംഗത്തെത്തിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞ വർഷം നവംമ്പർ എട്ടിനാണ് ഫയൽ മന്ത്രിസഭ യോഗത്തിന് സമർപ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നൽകുന്നതെന്നും മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഫയൽ വ്യക്തമാക്കുന്നു. ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണ പ്ലാന്റുകൾ അനുവദിച്ചത് ആരോടും ചർച്ച ചെയ്യാതെ എന്നതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്.
മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്ന കുറിപ്പാണ് പുറത്തുവിട്ടത്. മറ്റൊരു വകുപ്പുകളും പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞില്ല. മുന്നണിയിലും ചർച്ച ചെയ്തതായി അറിവില്ല. എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |