ന്യൂഡൽഹി: അരുൺ ഗോയലിനെ തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ചാേദ്യങ്ങളുമായി സുപ്രീംകോടതി. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നൽകിയെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. യോഗ്യതാടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ട നാല് പേരിൽ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും കോടതി ചോദിച്ചു. ഹർജിയിലെ വാദത്തിനിടെയാണ് ഗോയലിന്റെ നിയമനത്തിനെതിരെ കോടതി ചോദ്യങ്ങൾ നിരത്തിയത്.
പതിനെട്ടിന് സുപ്രീംകോടതി ഹർജി പരിഗണിച്ച അന്ന് തന്നെ പ്രധാനമന്ത്രി അരുൺ ഗോയലിന്റെ പേര് നിർദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്നാണ് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചത്. അരുൺ ഗോയൽ എന്ന വ്യക്തിയോട് ഈ ബെഞ്ചിന് ഒരു പ്രശ്നവും ഇല്ല. ഇതുവരെയുള്ള പ്രകടനവും ഏറ്റവും മികച്ചതാണ്. എങ്കിലും നിയമനത്തിൽ സ്വീകരിച്ച നടപടിക്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് കെ എം ജോസഫ് വിശദീകരിച്ചു.
ഒഴിവ് വന്നത് മേയ് പതിനഞ്ചിനാണ്. അന്നുമുതൽ നവംബർ 18വരെ നിങ്ങൾ എന്തുചെയ്തുവെന്ന് പറയാമോ?എന്തുകൊണ്ടാണ് ഒരുദിവസം അതിവേഗത്തിൽ നിയമനം നടത്തിയതെന്നായിരുന്നു ജസ്റ്റിസ് അജയ് രസ്തോഗി ചോദിച്ചത്.
എന്നാൽ ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കേന്ദ്രം മറുപടി നൽകിയത്. നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ അറ്റോണി ജനറൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. കോടതി സംശങ്ങൾ ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറൽ ചോദ്യമുന്നയിച്ചപ്പോൾ ഇപ്പോൾ നടക്കുന്നത് ചർച്ചയും സംവാദവുമാണെന്നും കേന്ദ്രത്തിന് എതിരാണെന്ന് കരുതേണ്ടെന്നും കോടതി വ്യക്തമാക്കി.
വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ, വോളന്ററി റിട്ടയർമെന്റ് നൽകി ഐ. എ. എസ് ഓഫീസർ അരുൺ ഗോയലിനെ തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിൽ എന്തെങ്കിലും കൗശലമുണ്ടോ എന്ന് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. നിയമനത്തിന്റെ ഫയലുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറ്റോർണി ജനറൽ ആർ. വെങ്കട്ട രമണിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി ഫയൽ ആവശ്യപ്പെട്ടത്.
കേന്ദ്രത്തിൽ സെക്രട്ടറിയായിരുന്ന അരുൺഗോയൽ 60 വയസ് തികയുന്ന ഡിസംബർ 31ന് വിരമിക്കേണ്ടതായിരുന്നു. ഈ മാസം 18ന് വി. ആർ. എസ് നൽകുകയും 19ന് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയുമായിരുന്നു. 21ന് ചുമതലയേറ്റ അദ്ദേഹം 2025 ഫെബ്രുവരിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാവും.
`മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിന് കൊളീജിയം പോലുള്ള സമിതി വേണമെന്ന ഹർജികളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. പിറ്റേന്നാണ് അരുൺ ഗോയലിന്റെ നിയമനം. അതുകൊണ്ടു തന്നെ നിയമന പ്രക്രിയ എങ്ങനെയാണെന്ന് കോടതിക്ക് അറിയണം. എല്ലാം നേരെയാണ് നടക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. അത് ഞങ്ങൾക്ക് ബോദ്ധ്യപ്പെടണം. - എ.ജിയോട് കോടതി പറഞ്ഞു.
കോടതി വാദം തുടങ്ങിയശേഷം സർക്കാർ തിരക്കിട്ട് അരുൺ ഗോയലിനെ നിയമിച്ചതായി ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. വി. ആർ.എസ് കിട്ടാൻ മൂന്ന് മാസം വേണമെന്ന് അപ്പോൾ ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. വി. ആർ. എസിന് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.മേയ് മുതൽ കമ്മിഷണർ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനുളള നിയമത്തിന്റെ അഭാവത്തിൽ ഭരണഘടനയുടെ മൗനം ചൂഷണം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |