
മുംബയ്: പരീക്ഷണ ഓട്ടത്തിനിടെ പുതിയ മോണോ റെയിൽ കോച്ച് പാളം തെറ്റി ബീമിലിടിച്ച് അപകടം. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മുംബയിലെ വഡാല ഡിപ്പോയിൽ വച്ചാണ് അപകടം ഉണ്ടായത്. ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. പരീക്ഷണ ഓട്ടം ആയതിനാൽ ട്രെയിനിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ലോക്കോ പൈലറ്റിനൊപ്പം സിഗ്നലിംഗ് ട്രയലിൽ പങ്കെടുത്ത എഞ്ചിനീയറും ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന ചില ജീവനക്കാരും അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്നു.
അതേസമയം ഇതൊരു നിസാരമായ അപകടമാണെന്നാണ് മുംബയ് മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് പറയുന്നത്. ബീം സ്വിച്ചിലെ തകരാറാണ് അപകടത്തിന് കാരണമായത്. വഡാല ഡിപ്പോയിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട ട്രെയിൻ പരീക്ഷണ ഓട്ടത്തിനായി സത്രാസ്താ സ്റ്റേഷനിലേക്കാണ് പോകേണ്ടിയിരുന്നത്.

എന്നാൽ ട്രാക്ക് വഴി തിരിച്ചു വിടുന്ന ഗൈഡ് ബീം സ്വിച്ച് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ട ഉടൻ മറ്റൊരു റൂട്ടിലേക്ക് മാറിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതോടെ മോണോ റെയിൽ പാളം തെറ്റി ബീമിലിടിക്കുകയും കോച്ചിന്റെ മുൻഭാഗം ഉയർന്നു പോവുകയും ചെയ്തു. അപകടത്തിൽ കോച്ചിന്റെ അണ്ടർ ഗിയറുകൾക്കും കപ്ലീംഗിനും ബോഗികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബീമിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്ന കോച്ച് ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് നീക്കം ചെയ്തത്. സാങ്കേതിക തകരാറുകളെ തുടർന്ന് സെപ്തംബർ 20 മുതൽ മുംബയിലെ മോണോ റെയിൽ സർവീസുകൾ നിർത്തിവച്ചിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |