കൊച്ചി: 'ന്നാ താൻ കേസ് കൊട്"... സിനിമ പേരുപോലെ കേസുകൊടുത്ത് കോടതിയിൽ എത്തിയാൽ വിധി അറിയാൻ അനന്തമായ കാത്തിരിപ്പുതന്നെ വേണ്ടിവരും! അര നൂറ്രാണ്ട് പിന്നിട്ട ചില കേസുകൾപോലും ഇതുവരെ തീർപ്പായിട്ടില്ല. ഇവയുൾപ്പെടെ 20 ലക്ഷത്തിലേറെ കേസുകളാണ് സംസ്ഥാനത്ത് ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലുമായി കെട്ടിക്കിടക്കുന്നത്. 2019ൽ 16 ലക്ഷമായിരുന്നു.
1968 മുതലുള്ള ചില സിവിൽ കേസുകൾ ഇപ്പോഴും ഹൈക്കോടതിയിൽ തീർപ്പാകാതെ കിടപ്പുണ്ട്. 30 വർഷത്തിലേറെ പഴക്കമുള്ള 19 സിവിൽ കേസുകളുണ്ട്. സിവിൽ, ക്രിമിനൽ വിഭാഗത്തിലായി ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 30 ശതമാനവും അഞ്ചു മുതൽ പത്തു വരെ വർഷം പഴക്കമുള്ളവയാണെന്ന് ദേശീയ ജുഡിഷ്യൽ ഡേറ്റ ഗ്രിഡിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
കേസ് നീണ്ടുപോകുന്നത് ഒഴിവാക്കാൻ കോടതികൾ ആത്മപരിശോധന നടത്തണമെന്നും സമയബന്ധിതമായി തീർപ്പാക്കിയില്ലെങ്കിൽ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ കഴിഞ്ഞ ദിവസം വിധിന്യായത്തിൽ വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.
കീഴ്‌ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 20 ശതമാനവും അഞ്ചു മുതൽ പത്തു വരെ വർഷം പഴക്കമുള്ളവയാണ്. ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്- 3.82 ലക്ഷം. 2019ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കേസുകളുണ്ടായിരുന്ന എറണാകുളം ജില്ല ഇപ്പോൾ രണ്ടാം സ്ഥാനത്താണ്- 2.99 ലക്ഷം. കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്.
കെട്ടിക്കിടക്കുന്ന കേസുകൾ
ഹൈക്കോടതിയിൽ
സിവിൽ കേസുകൾ: 1,59,354
ക്രിമിനൽ കേസുകൾ: 40,261
ആകെ: 1,99,615
കീഴ്‌ക്കോടതികളിൽ
സിവിൽ കേസുകൾ: 5,13,179
ക്രിമിനൽ കേസുകൾ: 13,41,888
ആകെ: 18,55,067
ഏറ്റവുമധികം
തിരുവനന്തപുരത്ത്- 3.82 ലക്ഷം
രണ്ടാമത്
എറണാകുളം- 2.99 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |