SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.25 PM IST

ഒരു കാരണവശാലും തുറമുഖ നിർമ്മാണം അനുവദിക്കില്ല, എന്തുവില കൊടുത്തും തടയും: വിഴിഞ്ഞത്ത് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സംഘർഷം

vizhinjam-protest

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ കനത്ത പ്രതിഷേധവുമായി വീണ്ടും സമരക്കാർ. തുറമുഖ നിർമ്മാണത്തിനാവശ്യമായ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറികൾ സമരക്കാർ തടഞ്ഞു. വൈദികരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തുന്നത്. ഒരു കാരണവശാലും തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്നും, എന്തുവില കൊടുത്തും തടയുമെന്നാണ് സമരക്കാരുടെ നിലപാട്. സ്ത്രീകളുൾപ്പടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്.

എന്നാൽ, വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ സമരക്കാർക്കെതിരെ പ്രതിഷേധമുണ്ടായി. ഇവരും സംഘമായി എത്തിയതോടെ പൊലീസ് കുഴഞ്ഞു. ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തുറമുഖത്തെ അനുകൂലിക്കുന്നവർക്ക് നേരെ സമരക്കാർ വലിയ കല്ലുകൾ എറിഞ്ഞ് പ്രകോപനം സൃഷ്‌ടിക്കുകയാണ്. സംഘർഷമുണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയോടൊണ് പൊലീസ് പ്രവർത്തിക്കുന്നത്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാദ്ധ്യത നിലനിൽക്കുകയാണ്.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കാത്തിരുന്നിട്ടും നേതാക്കൾ വന്നില്ല

വിഴിഞ്ഞം സമരസമിതിക്കുള്ളിലെ ഭിന്നിപ്പിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലത്തീൻ അതിരൂപത അധികൃതരുമായി ഇന്നലെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ച നടന്നില്ല. വ്യാഴാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസും ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയും തമ്മിൽ അനൗദ്യോഗിക ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സമരം അവസാനിപ്പിക്കാമെന്നായിരുന്നു ധാരണ.വെള്ളിയാഴ്‌ച ഔദ്യോഗിക ചർച്ച നടത്താനുള്ള സമയമടക്കം നിശ്‌ചയിച്ചാണ് അനൗദ്യോഗിക ചർച്ച അവസാനിപ്പിച്ചത്. രാവിലെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം വൈകിട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പുമായി ഔദ്യോഗിക ചർച്ച നടത്തി സമരം അവസാനിച്ചതായുള്ള സംയുക്ത പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. രാവിലെ പത്ത് മണിക്കുള്ള ചർച്ചയ്‌ക്കായി ചീഫ്‌സെക്രട്ടറി വി.പി.ജോയി 9.45ന് സെക്രട്ടേറിയറ്റിലെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ചേംബറിൽ കാത്തിരുന്നിട്ടും സമരസമിതി നേതാക്കളെത്തിയില്ല. രൂപത അധികൃതർ വൈകിട്ട് ക്ലിഫ് ഹൗസിലെത്തുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിയും ഇവരെ കാത്തിരുന്നെങ്കിലും സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നതയുണ്ടെന്നായിരുന്നു അതിരൂപത അധികൃതർ അറിയിച്ചത്.

കരിങ്കല്ല് എത്തിയില്ല

ഇന്നലെ പദ്ധതിപ്രദേശത്ത് കരിങ്കല്ല് എത്തിക്കാനായിരുന്നു അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ തീരുമാനമെങ്കിലും സമരസമിതി പന്തൽ നീക്കാത്തതിനാൽ ലോഡ് നീക്കം നടന്നില്ല. സമരക്കാരുമായി നേരിട്ട് ഏറ്റുമുട്ടാൻ തുറമുഖ നിർമ്മാണ കമ്പനി തയ്യാറല്ല. കാത്തുനിൽക്കാനാണ് തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. ചരക്ക് നീക്കം നടക്കുമെന്ന് പ്രതീക്ഷിച്ച് ഇന്നലെ സമരസമിതി പന്തലിൽ കൂടുതൽ സമരക്കാരെത്തി.

'മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. പദ്ധതിയെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളെ അതിജീവിക്കും.'

അഹമ്മദ് ദേവർകോവിൽ

തുറമുഖ വകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM PORT STRIKE, LATIN ARCH BISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA