തിരുവനന്തപുരം: ചാനൽ ഷോകളിലടക്കം ഷൂട്ടിംഗുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് അതത് ജില്ലകളിലെ ലേബർ ഓഫീസർമാരുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. വീഡിയോ നിർമ്മാണം, ചാനൽ ഷോ എന്നിവയിൽ ദിവസം അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത്. ഈ ചട്ടങ്ങൾ ഉൾപ്പെടുത്തി ബാലവേല നിരോധന നിയമം സർക്കാർ ഭേദഗതി ചെയ്തു. കേന്ദ്ര നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണിത്.
18 വയസിന് താഴെയുള്ള കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം നഷ്ടപ്പെടുത്തുന്ന രീതിയിൽ അവരെ ശാരീരികവും സാമൂഹികവും വൈകാരികവും മാനസികവുമായി ആപത്കരമായ ജോലികൾ ചെയ്യിക്കുന്നത് ബാലവേലയായി കണക്കാക്കും.
പഠിത്തം മുടക്കി ഷൂട്ടിംഗ് വേണ്ട
1. ഷൂട്ടിംഗിൽ പങ്കെടുപ്പിക്കുന്ന കുട്ടിയുടെയും രക്ഷിതാവിന്റെയും വിവരങ്ങൾ സഹിതം വീഡിയോ നിർമ്മാതാവ് നിശ്ചിത ഫോറത്തിൽ ജില്ലാ ലേബർ ഓഫീസർക്ക് അപേക്ഷ (രക്ഷിതാക്കളുടെ സമ്മതപത്രമടക്കം) സമർപ്പിക്കണം.
2. കുട്ടികൾക്ക് തുടർച്ചയായി ക്ലാസിലെത്താൻ കഴിയാത്ത വിധത്തിൽ ഷൂട്ടിംഗ് ക്രമീകരിക്കരുത്.
3. അഞ്ച് കുട്ടികൾക്ക് ഒരാളെന്ന ക്രമത്തിൽ ആളെ നിയോഗിച്ച് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
4. പോഷകാഹാരം, വൃത്തിയും സുരക്ഷയുമുള്ള സ്ഥലത്ത് താമസ സൗകര്യം, പഠിക്കാനുള്ള അന്തരീക്ഷം എന്നിവ ഉറപ്പാക്കണം
ശിക്ഷ
ബാലവേല ആറു മാസം മുതൽ രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 20,000 മുതൽ 50,000 രൂപ വരെ പിഴയും ഈടാക്കാം.