SignIn
Kerala Kaumudi Online
Tuesday, 07 February 2023 4.12 PM IST

കായിക പ്രതിഭകളുടെ വേദന അറിയണം

photo

ഖത്തറിൽ ലോകകപ്പ് മഹാമാമാങ്കത്തിനിടയിലാണ് തിരുവനന്തപുരത്ത് അറുപത്തിനാലാമതു സംസ്ഥാന സ്‌കൂൾ കായികമേള സമാപിക്കുന്നത്. ഭാവിയിൽ രാജ്യത്തിനു അഭിമാന നേട്ടങ്ങൾ സമ്മാനിക്കാനാവുന്ന കായികപ്രതിഭകൾ ഈ മീറ്റിലും ഉണ്ടായേക്കാം. അതിനായി അധികാരികൾ എന്തുചെയ്യുന്നു എന്ന ചോദ്യത്തിൽ നിരാശയാണ് നിഴലിക്കുന്നത്. കായികരംഗത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി സ്ഥാപനങ്ങളും പരിശീലകരുമൊക്കെയുണ്ട്. എന്നാൽ പരിശീലനത്തിന് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരും അധികൃതരും പലപ്പോഴും ജാഗ്രത കാണിക്കാറില്ല. മീറ്റിൽ പങ്കെടുക്കുന്നതും കഠിനമായമത്സരം നേരിട്ട് വിജയം നേടുന്നതും വാർത്താപ്രാധാന്യം നേടാറുണ്ട്. എന്നാൽ പല കുട്ടികളും ഇത്തരത്തിലൊരു നേട്ടം കൈപ്പിടിയിലൊതുക്കാൻ പെടുന്ന പാടോർത്താൽ അവരുടെ കാലുതൊട്ട് വന്ദിക്കാൻ തോന്നും. ദേശീയ - അന്തർദേശീയ തലത്തിൽ പ്രശസ്തി വാരിക്കൂട്ടിയ കായികതാരങ്ങൾ പിറന്ന നാടാണിത്. മെഡലുകളുമായി എത്തുമ്പോൾ അവരെ ആദരിക്കാനും വഴിനീളെ സ്വീകരണങ്ങൾ സംഘടിപ്പിക്കാനും വലിയ മത്സരമാണ്. എന്നാൽ സ്‌കൂൾതലം തൊട്ടേ എത്ര കുട്ടികൾക്ക് മെച്ചപ്പെട്ട പരിശീലനവും വളരാനുള്ള സാഹചര്യവും നൽകാനാവുന്നു എന്ന ചോദ്യത്തിനു മുന്നിൽ പലപ്പോഴും ശിരസ് താഴ്ത്തേണ്ടിവരും.

സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയകിരീടം ചൂടിയ പല കുട്ടികളുടെയും ജീവിതസാഹചര്യങ്ങൾ പരിശോധിച്ചാൽ വേദന തോന്നും. കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ പോൾവാൾട്ട് പരിശീലകൻ സി.ആർ. മധു തന്റെയും ഭാര്യയുടെയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തി ലഭിച്ച പണംകൊണ്ടാണ് കുട്ടികൾക്കു പരിശീലനത്തിന് പോൾ വാങ്ങിയതെന്ന യാഥാർത്ഥ്യം അറിയുമ്പോൾ തലകുനിയേണ്ടത് കായികരംഗം കൈയടക്കി വാഴുന്ന ഒഫിഷ്യലുകളുടേതാണ്. പരിശീലകൻ സ്വർണം പണയപ്പെടുത്തി വാങ്ങിയ പോളിന്റെ ബലത്തിലാണ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ശിവദേവ് എന്ന മിടുക്കൻ റെക്കാഡോടെ സ്വർണം നേടിയത്. കായിക പരിശീലനത്തിന് സർക്കാരിന്റെ സഹായമുണ്ടെങ്കിലും മറ്റു പലതിലുമെന്നപോലെ സമയത്ത് അതു കിട്ടാതായാൽ എന്തുചെയ്യും.

കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ കായിക പരിശീലകനായ മധുവിനെപ്പോലെ കുട്ടികളുടെ കായികനേട്ടങ്ങളിൽ അകമഴിഞ്ഞു താത്‌പര്യമുള്ള പലരുമുള്ളതുകൊണ്ടാണ് പല കുട്ടികൾക്കും സ്കൂൾ മീറ്റിൽ പങ്കെടുക്കാനും കഴിവ് തെളിയിക്കാനും സാധിക്കുന്നത്. പെട്ടിഓട്ടോ ഓടിച്ചുകിട്ടുന്ന പണം കുട്ടികളുടെ കായിക പരിശീലനത്തിനായി മുടക്കുന്ന തൃശൂർ നാട്ടികയിലെ കണ്ണൻ, ജിം നടത്തി ലഭിക്കുന്ന പണംകൊണ്ട് ത്രോ ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന കാസർകോട് കെ.സി. ത്രോസ് അക്കാഡമിയിലെ കെ.സി. ഗിരീഷ്, പുളിയമ്പറ ജി.എച്ച്. എസിലെ ബിശ്വജിത്തും സഹപ്രവർത്തകരും - ഇവരെപ്പോലെ നിരവധി ഉദാരമതികൾ ഈ സ്‌കൂൾമീറ്റിലെ സുവർണതാരങ്ങൾക്കൊപ്പം ആദരിക്കപ്പെടേണ്ടവരാണ്. ജീവിതപ്രാരാബ്ധം കാരണം എട്ടാം ക്ളാസിൽവച്ച് ട്രാക്കിനോട് വിടപറഞ്ഞ മേഘ എന്ന മിടുക്കിയെ വീണ്ടും ട്രാക്കിലെത്തിക്കാൻ എല്ലാ സഹായവും നൽകാൻ ബിശ്വജിത്തും സ്കൂളിലെ മറ്റ് അദ്ധ്യാപകരും ഒപ്പംനിന്നു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി മേഘ ഇവരോടൊക്കെയുള്ള കടപ്പാടും തീർത്തു. പരിശീലകൻ വാങ്ങി നൽകിയ സ്പൈക്കുമിട്ടാണ് ഈ കുട്ടി ട്രാക്കിലെത്തിയത്.

കുട്ടികൾ കായികമത്സരങ്ങളിൽ വൻ കുതിപ്പുകൾ നടത്തണമെന്നും നാടിനു അഭിമാനമാവണമെന്നും ഏവരും പറയും. എന്നാൽ ഏറ്റവും അവഗണിക്കപ്പെടുന്ന മേഖലയാണ് ഇവരുടെയൊക്കെ പരിശീലനവേദികൾ. കുടുംബപശ്ചാത്തലം കാരണം പലർക്കും വേണ്ടരീതിയിലുള്ള പരിശീലനം അപ്രാപ്യമാണ്. കായികരംഗത്തുള്ളവരുടെ അടിസ്ഥാനാവശ്യങ്ങൾ പോലും നടത്തിക്കൊടുക്കാൻ ആരുമില്ലാത്ത സ്ഥിതി. ഈ ദുസ്ഥിതി മാറ്റിയെടുക്കാൻ കഴിയാത്തിടത്തോളം കായികവളർച്ചയെക്കുറിച്ച് ഉൗറ്റം കൊണ്ടിട്ട് ഒരു കാര്യവുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.