തിരുവനന്തപുരം: അതിരൂക്ഷമായിരുന്ന റഷ്യ- യുക്രെയിൻ യുദ്ധത്തിന് അയവ് വന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വില താഴ്ന്നതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില അഞ്ചു രൂപാ വരെ കുറച്ചേക്കും. ഈയാഴ്ച തീരുമാനമുണ്ടാകുമെന്ന് സൂചന. ക്രൂഡ് ഒായിൽ വില ബാരലിന് 120 ഡോളറിൽ നിന്ന് 90 ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി ഇതേ രീതിയിൽ തുടരുന്ന ക്രൂഡ് ഓയിൽ വില ഇനിയും കുറയുമെന്നും സൂചനയുണ്ട്.
പെട്രോൾ, ഡീസൽ വില നൂറ് കടന്ന് കുതിക്കുകയും രാജ്യത്താകെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മേയിൽ കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയതോടെ പെട്രോളിന് 8 രൂപയും ഡീസലിന് ആറ് രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ ആഗോള വിപണിയിൽ വിലയിലുണ്ടാകുന്ന മാറ്റം ഇന്ത്യയിൽ വേഗത്തിൽ പ്രകടമാകും.
ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. യുക്രെയിനിലെ അധിനിവേശത്തെ തുടർന്ന് അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാൻ റഷ്യ വില കുറച്ച് എണ്ണ നൽകുന്നതിനാൽ അവിടെ നിന്ന് കൂടുതൽ വാങ്ങുന്നുണ്ട്. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താകും രാജ്യത്ത് ഇന്ധന വിലയിൽ കുറവു വരുത്തുക എന്നാണ് സൂചന.
ക്രൂഡ് ഓയിൽ വില
മുമ്പ്
120 ഡോളർ
ഇപ്പോൾ
90 ഡോളർ
ഏറ്റവുമൊടുവിൽ
ഇന്ധനവില കുറച്ചത്
കഴിഞ്ഞ മേയിൽ