കുറ്റിപ്പുറം: പൊന്നാനി വഴി ശബരിമലയിലേക്കും തിരിച്ചും ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സ്പെഷൽ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യമുയരുന്നു. 2016ലാണ് പൊന്നാനി ഡിപ്പോയിൽ നിന്നും അയ്യപ്പ ഭക്തർക്ക് വലിയ സൗകര്യമായിരുന്ന സർവീസ് ആരംഭിച്ചത്. വൈകീട്ട് ഏഴിന് ചമ്രവട്ടം അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് പുലർച്ച നാല് മണിയോടെ പമ്പയിൽ എത്തുന്ന രീതിയിലായിരുന്നു സർവീസ്. തിരിച്ചു രാവിലെ 10ന് പമ്പയിൽ നിന്നും പൊന്നാനിയിലേക്കും സർവീസ് നടത്തിയിരുന്നു. ചമ്രവട്ടത്തിന് നിന്നും പൊന്നാനി ഗുരുവായൂർ വഴി പമ്പയിൽ എത്തുന്ന സർവീസിന് വലിയ യാത്രക്കാരും ഉണ്ടായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്താണ് പലരും പോയിരുന്നത്. 2017ൽ ആളുകൾ കുറഞ്ഞതോടെ സർവീസ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും പിന്നീട് ഈ സർവീസ് നിറുത്തുകയുമായിരുന്നു.
ഈ വർഷം ഭക്തർ കൂടുതൽ
2020ലും 21ലും കൊവിഡ് പ്രശ്നങ്ങൾ കാരണം ഭക്തർ കുറവായിരുന്നു. എന്നാൽ ഈ വർഷം വലിയതോതിൽ ഭക്തർ ശബരിമലയിലേക്ക് പോകുന്നുണ്ട്. പൊന്നാനി ഡിപ്പോയിൽ നിന്ന് സർവീസ് പുനരാരംഭിച്ചാൽ നിരവധി ഭക്തർക്ക് ഇത് ഉപകാരമാകും. നിലവിൽ പലരും കൂടിയ തുകയ്ക്ക് സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് പോകുന്നത്. ഈ സർവീസ് ആരംഭിച്ചാൽ കുറ്റിപ്പുറം മിനി പമ്പയിൽ നിന്നും ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ഒരുപാട് ഭക്തർക്ക് ഉപകാരമാകും.
40 പേരുണ്ടെങ്കിൽ സർവീസ് നടത്താമെന്ന്
നിലവിൽ ഗുരുവായൂർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാത്രി പമ്പയിലേക്ക് സർവീസുണ്ട്. ഇതിന് പൊന്നാനി ഡിപ്പോയിൽ നിന്നും ബുക്ക് ചെയ്യാം. എന്നാൽ ഭക്തർ പൊന്നാനിയിൽ നിന്നും ഗുരുവായൂർ വരെ പോകേണ്ടതുണ്ട്. എന്നാൽ 40 പേരുണ്ടെങ്കിൽ മാത്രമേ നിലവിൽ ഈ സർവീസ് ആരംഭിക്കാൻ സാധിക്കൂ എന്നാണ് പൊന്നാനി കെ.എസ്.ആർ.ടി.സി അധികൃതരുടെ നിലപാട്.
നിലവിൽ അയ്യപ്പന്മാരുടെ ഇടത്താവളമായി അറിയപ്പെടുന്ന ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയാൽ ഒരുപാട് പേർക്ക് ഉപകാരപ്രദമാകും. സർവീസ് പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ അധികൃതരെടുക്കണം.
- നബീൽ നൈതലൂർ, പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |