ന്യൂഡൽഹി : ചിരവൈരികളായ പാകിസ്ഥാനെ കണ്ടുകൊണ്ടല്ല ഇന്ത്യ ഫ്രാൻസിൽ നിന്നും 36 റഫാലുകൾക്ക് ഓർഡർ നൽകിയത്. ഇനിയൊരു യുദ്ധമുണ്ടായാൽ ഒരേസമയം പാകിസ്ഥാനെയും ചൈനയേയും നേരിടണമെന്ന തിരിച്ചറിവിലാണ് റഫാലുകളെ കൊണ്ടുവരാൻ തീരുമാനമായത്. ഇന്ത്യയ്ക്ക് അവസാനത്തെ റഫാലും ഫ്രാൻസ് കൈമാറി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 36ാമത്തെ റഫാലും ഇന്ത്യൻ മണ്ണിൽ സുരക്ഷിതമായി ലാന്റ് ചെയ്തു. പതിവ് പോലെ ഫ്രാൻസിൽ നിന്നും നിർത്താതെ പറന്നാണ് റഫാൽ ഇന്ത്യയിലെത്തിയത്. പാതി വഴിയിൽ ഉറ്റ സുഹൃത്തായ യു എ ഇയുടെ എയർഫോഴ്സ് ടാങ്കറിൽ നിന്ന് ചെറിയൊരു ആതിഥ്യം സ്വീകരിച്ചെന്നുമാത്രം.
36 റഫാൽ വിമാനങ്ങളിൽ ആദ്യം ഇന്ത്യയ്ക്ക് ലഭിച്ചത് അഞ്ചെണ്ണമായിരുന്നു. 2020 ജൂലായിലായിരുന്നു അംബാലയിലെ എയർഫോഴ്സ് സ്റ്റേഷനിൽ അഞ്ചു പേരും പറന്നിറങ്ങിയത്. 'ഗോൾഡൻ ആരോസ്' എന്ന പേരുകേട്ട വ്യോമസേനയുടെ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായിട്ടായിരുന്നു റഫാൽ അണിചേർന്നത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവർക്കും ശക്തമായ സന്ദേശമാണ് റഫാലുകൾ എന്നായിരുന്നു ആദ്യ ബാച്ചിനെ സ്വീകരിക്കാനെത്തിയ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്. തുടർന്ന് ഇന്ത്യയുടെ വ്യോമപ്രദർശനങ്ങളിൽ റഫാൽ നിത്യ സാന്നിദ്ധ്യമായി. പിന്നീട് പലപ്പോഴായി മൂന്നും നാലും വീതം റഫാലുകളെ ഫ്രാൻസ് ഇന്ത്യയിലേക്ക് പറത്തി വിട്ടുകൊണ്ടിരുന്നു.
FEET DRY!
— Indian Air Force (@IAF_MCC) December 15, 2022
'The Pack is Complete'
The last of the 36 IAF Rafales landed in India after a quick enroute sip from a UAE Air Force tanker.
Shukran jazeelan. @modgovae pic.twitter.com/5rkMikXQeS
ഏകദേശം ഒൻപത് ബില്യൺ ഡോളറിന്റെ ഇടപാടാണ് റഫാലിനായി ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടാക്കിയത്. ഏകദേശം 670 കോടി രൂപയാണ് ഓരോ ജെറ്റിന്റെയും വില. ഇന്ത്യയുടെ ആവശ്യപ്രകാരം നിരവധി മാറ്റങ്ങൾ വരുത്തിയാണ് റഫാൽ നിർമ്മാതാക്കൾ കൈമാറിയത്. സുരക്ഷാ കാരണങ്ങളാൽ ഇവയിൽ അധികവും പുറത്ത് വിട്ടിട്ടില്ല. മിസൈൽ അപ്രോച്ച് വാർണിംഗ്, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റങ്ങൾ തുടങ്ങി വിമാനത്തിലെ നിരവധി സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഫ്രാൻസിലെ ദസ്സാൾട്ട് ഏവിയേഷനാണ് റഫാലുകളുടെ നിർമ്മാതാക്കൾ. റഫാലുകൾക്ക് മുൻപേ ഇന്ത്യയുടെ ഹൃദയം കവർന്ന മിറാഷ് വിമാനങ്ങളും ഇതേ കമ്പനിയാണ് നിർമ്മിച്ചത്. കാർഗിലിലും, പാക് മണ്ണിലെ സർജിക്കൽ സ്‌ട്രൈക്കിലുമെല്ലാം പങ്കെടുത്ത് ഇന്ത്യയുടെ അഭിമാനം കാത്തവനാണ് മിറാഷ്. ആഗ്രഹിച്ചയത്രയും റഫാലുകൾ സ്വന്തമാക്കിയ ഇന്ത്യ പാകിസ്ഥാന്റെയും ചൈനയുടേയും ഉറക്കം കെടുത്തുമ്പോൾ, ഈ വിമാന ഇടപാട് കാരണം ഇന്ത്യയ്ക്ക് ഒരു ഉറ്റ സുഹൃത്തിനെ കൂടി ലഭിച്ചിട്ടുണ്ട്. യു എന്നിലടക്കം ഇന്ത്യയ്ക്ക് വേണ്ടി വാദിക്കാൻ മുൻനിരയിലാണ് ഇപ്പോൾ ഫ്രാൻസുള്ളത്. ഇന്ത്യ- ചൈന ബന്ധം സങ്കീർണായ അവസ്ഥയിലാണ് അവസാന റഫാലും ഇന്ത്യയിലെത്തിയത് എന്ന പ്രത്യേകതയും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |