തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും വനംവകുപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ കേന്ദ്രം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്‌സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരുപത്തിരണ്ട് സംരക്ഷിത വന മേഖലയ്‌ക്ക് ചുറ്റുമുള്ള ഭൂപടം ആണിത്. റിപ്പോർട്ടിൽ ഓരോ മേഖലയ്ക്കും ഓരോ നിറമാണ് നൽകിയിരിക്കുന്നത്.പച്ച നിറത്തിലുള്ള ഭാഗം വനവും, അതിനുചുറ്റും പിങ്ക് നിറത്തിൽ കാണിച്ചിരിക്കുന്നത് ബഫർ സോൺ ആകാൻ സാദ്ധ്യതയുള്ള ഒരു കിലോമീറ്റർ പ്രദേശവുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നീലയും, പഞ്ചായത്തുകൾ കറുപ്പും, ജനവാസ മേഖലയ്ക്ക് വയലറ്റ് നിറവുമാണ് നൽകിയിരിക്കുന്നത്.
വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം ജനങ്ങൾക്കായി എല്ലാ വാർഡിലും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും. ജനങ്ങളുടെ പരാതി കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡെസ്‌ക്ക് രൂപീകരിച്ചിട്ടുണ്ട്. അധിക വിവരങ്ങൾ eszexpertcommittee@gmail എന്ന വിലാസത്തിൽ ശേഖരിച്ച് ക്രോഡീകരിക്കും. ലഭ്യമായ അധിക വിവരങ്ങൾ ഉൾപ്പെടുത്തി വനം വകുപ്പ് വീണ്ടും ഭൂപടം പുതുക്കും. പുതുക്കിയ ഭൂപടം തദ്ദേശ സ്ഥാപനത്തിലെ സർവകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ വീണ്ടും അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കും.
ജനവാസകേന്ദ്രങ്ങളും നിർമ്മിതികളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കിയാവും ബഫർസോൺ എന്നും, അതനുസരിച്ചുള്ള ഭൂപടം മാത്രമേ സുപ്രീംകോടതിയിൽ എത്തിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉറപ്പുനൽകിയിരുന്നു. മലയോരത്തെ 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്നലെ ഓൺലൈനിൽ നടത്തിയ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |