തൃശൂർ: കുട്ടിയായിരിക്കെ വല്യുമ്മ ചെറിയ പാത്തുവാണ് ജസ്‌നയെ വാത്സല്യത്തോടെ കണ്ണാ... എന്നു വിളിച്ചത്. ബാപ്പ മജീദും ഉമ്മ സോഫിയയുമുൾപ്പെടെ കണ്ണാ എന്നു വിളിച്ചു ലാളിച്ച
ജസ്ന ഇപ്പോൾ വീട്ടമ്മയാണ്. അതിനിടെ വരച്ചുകൂട്ടിയത് വെണ്ണക്കണ്ണന്റെ തൊള്ളായിരത്തോളം വർണ്ണ ചിത്രങ്ങൾ. അവയിലെ 101 ചിത്രങ്ങളുമായി ജസ്ന ഇന്ന് ഗുരുവായൂരപ്പനു മുന്നിലെത്തും. ദേവസ്വം അധികൃതർ ചിത്രങ്ങൾ ഏറ്റുവാങ്ങുമ്പോൾ, സഫലമാവുന്നത് മുപ്പതുകാരി ജസ്നയുടെ ജീവിതാഭിലാഷമാണ്.
കൊയിലാണ്ടി കുറുവങ്ങാട് പുളീരിക്കുന്നത്ത് വീട്ടിൽ ജസ്‌ന
കൂട്ടുകാരികളുടെ വീടുകളിൽ കണ്ട ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചിരുന്നു. 24-ാം വയസിൽ വീടുപണിക്കുള്ള സാധനം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറിൽ വെണ്ണക്കണ്ണന്റെ ചിത്രം കണ്ടപ്പോഴാണ് വരച്ചുനോക്കണമെന്ന് തോന്നിയത്. ചിത്രരചനയുടെ ബാലപാഠംപോലും അറിയില്ലെങ്കിലും ഭംഗിയായി വരച്ചു. അതൊരു തുടക്കമായിരുന്നു.
ഗുരുവായൂരപ്പൻ, ധനലക്ഷ്മി, ഗണപതി, പാർട്ടി ചിഹ്നങ്ങൾ, മാഷാ അള്ളാ എന്നിവയൊക്കെ വരച്ചുനോക്കിയെങ്കിലും അതിനൊന്നും വെണ്ണക്കണ്ണനോളം പൂർണ്ണത വന്നില്ല. അതോടെയാണ് വെണ്ണക്കണ്ണന്റെ ചിത്രങ്ങൾ ഗുരുവായൂരിൽ സമർപ്പിക്കാൻ മാേഹം തോന്നിയത്. ഓരോ ചിത്രങ്ങൾ വിശേഷ ദിവസങ്ങളിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും നൂറ്റൊന്നു ചിത്രങ്ങൾ ഒന്നിച്ച് സമർപ്പിക്കുന്നത് ആദ്യമായാണ്. ഒരാൾ പൊക്കത്തിലുള്ളതുൾപ്പെടെ നാലു ലക്ഷം രൂപ ചെലവിൽ നാല് മാസം കൊണ്ടാണ് എല്ലാം വരച്ചത്.
വിവിധ വലിപ്പത്തിൽ അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റുകൊണ്ട് വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്താണ് സമർപ്പിക്കുന്നത്. ഉണ്ണിക്കണ്ണന്റെ ചെറുചിത്രം വരയ്ക്കാൻ പോലും നാല് ദിവസമെടുക്കാറുണ്ട്. പുതിയ ശ്രമം തുടങ്ങിയപ്പോൾ ചില ദിവസങ്ങളിൽ നാലെണ്ണം വരെ വരയ്ക്കാനായെന്ന് ജസ്ന പറഞ്ഞു.
ഭർത്താവ് പിന്തുണച്ചെങ്കിലും ബന്ധുക്കളിലും സമുദായത്തിലുമുള്ള ചിലർ എതിരായിരുന്നു. എന്നാൽ, സമുദായത്തിലുള്ള മറ്റുചിലർ ആഗ്രഹം സഫലമാക്കാൻ ധനസഹായംവരെ നൽകി.
മക്കൾ ലെൻഷാനെയും ലെനിഷ്‌കയെയും മദ്രസയിൽ ചേർക്കാൻ ബന്ധപ്പെട്ടവർ വിസമ്മതിക്കുക വരെയുണ്ടായി. അവരിപ്പോൾ ഗവ. സ്‌കൂളിൽ ആറിലും മൂന്നിലും പഠിക്കുന്നു. ഭർത്താവ് സലീം ദുബായിലാണ്.
വില 30,000 രൂപ
ചിത്രങ്ങൾ 5,000 മുതൽ 30,000 രൂപയ്ക്കു വരെ വിൽക്കാറുണ്ട്. ആവശ്യക്കാർക്ക് വരച്ചുകൊടുക്കും.
ഇത്രയും വരയ്ക്കാനായത് അത്ഭുതമാണ്. എല്ലാ ശ്രീകൃഷ്ണജയന്തിക്കും വിഷുവിനും ഗുരുവായൂരിലെത്തി വെണ്ണക്കണ്ണന്റെ ഒരു ചിത്രം സമർപ്പിക്കാറുണ്ട്. നൂറ്റൊന്നെണ്ണം നൽകുന്നത് ആദ്യം.
ജസ്‌ന സലീം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |