സ്വദേശം വിട്ട് അന്യദേശങ്ങളിൽ കഴിയേണ്ടിവരുന്നവർക്ക് സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാനാകുന്ന പുതിയ വോട്ടിംഗ് യന്ത്ര സംവിധാനം ഇലക്‌ഷൻ കമ്മിഷൻ വികസിപ്പിച്ചിരിക്കുകയാണ്. വിദൂര വോട്ടിംഗിനു പറ്റിയ ഈ യന്ത്രത്തിന്റെ പരീക്ഷണം ജനുവരി 16-ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ മുഖ്യ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളുടെ മുന്നിലായിരിക്കും പ്രദർശനം. വിദൂര വോട്ടിംഗ് യന്ത്രത്തിന്റെ പ്രയോഗക്ഷമത വിലയിരുത്തിയാകും തുടർനടപടി. പ്രായോഗിക പ്രശ്നങ്ങൾ പരിഹരിച്ചുവേണം കുറ്റമറ്റ വിദൂരവോട്ടിംഗ് സമ്പ്രദായം നടപ്പാക്കാനെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻതന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതിനർത്ഥം ചില ന്യൂനതകൾ ശേഷിക്കുന്നുണ്ടെന്നാണ്. എന്നിരുന്നാലും ഈ വഴിക്കുള്ള പുതിയ നീക്കം തീർച്ചയായും സ്വാഗതാർഹം തന്നെയാണ്.
വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ചത് കേരളത്തിലെ പറവൂരിലാണ്. അന്ന് ഈ യന്ത്രത്തെ പലരും സംശയത്തോടെയാണ് കണ്ടിരുന്നത്. തങ്ങൾ വോട്ടുചെയ്ത സ്ഥാനാർത്ഥിക്കു തന്നെയാണോ വോട്ട് ചെന്നെത്തിയിട്ടുള്ളത്, മാറിപ്പോകാനുള്ള പഴുതുകളുണ്ടോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തിൽ തിരിമറി നടത്തി വോട്ടുകൾ മറിക്കുമോ എന്നും മറ്റുമുള്ള സംശയങ്ങൾ പ്രബലമായിരുന്നു. വോട്ടിംഗ് യന്ത്രം കോടതികയറുക പോലുമുണ്ടായി. ഒടുവിൽ യന്ത്രത്തിന്റെ ആധികാരികതയും കൃത്യതയും കളങ്കമില്ലായ്മയും ശരിവയ്ക്കപ്പെടുകയായിരുന്നു. പറവൂരിലെ പരീക്ഷണം കാലക്രമേണ രാജ്യവ്യാപകമായി പ്രയോഗത്തിൽവന്നു. തൊഴിലിനും മറ്റു കാര്യങ്ങൾക്കുമായി അനേകം പേർ അന്യദേശങ്ങളിൽ കഴിയുന്നുണ്ട്. അവർക്കാണ് സ്വന്തം ദേശത്ത് വോട്ടുരേഖപ്പെടുത്താനുള്ള അവസരം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലാണെങ്കിൽ അന്യദേശക്കാരായ മുപ്പതുലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അടുത്തകാലത്തു കാണുന്ന പ്രവണത തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഇവരിൽ നല്ലൊരുഭാഗം വോട്ടുചെയ്യാനായി കൂട്ടത്തോടെ നാട്ടിൽ പോകുന്നതാണ്. ഇവരെ നാട്ടിലെത്തിക്കാൻ രാഷ്ട്രീയകക്ഷികളുടെ പിന്തുണയും സഹായവുമുണ്ടാകും.
സാങ്കേതികവിദ്യകൾ ഏറെ വികസിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദൂരസ്ഥലത്തിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാനുതകുന്ന സംവിധാനം ഏർപ്പെടുത്തുക പ്രയാസമുള്ള കാര്യമല്ല. ഇത്തരത്തിൽ വോട്ടുചെയ്യാനാഗ്രഹിക്കുന്ന വോട്ടർമാർക്ക് പ്രത്യേക ബൂത്ത് ഒരുക്കേണ്ടിവരും. ഒരു ബൂത്തിൽ തന്നെ 72 മണ്ഡലങ്ങളിലെ വോട്ടർമാർക്ക് വോട്ടുചെയ്യാൻ സാധിക്കുമെന്നാണ് പറയുന്നത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്ന വോട്ടർമാർക്കാകും വിദൂരവോട്ടിനുള്ള അവകാശം. മണ്ഡലത്തിലെ നമ്പർ രേഖപ്പെടുത്തിയാൽ അവിടെ മത്സരിക്കുന്നവരുടെ പേരുവിവരങ്ങൾ യന്ത്രത്തിൽ തെളിയും. ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താം. വോട്ടർകാർഡ് - ആധാർ കാർഡ് ബന്ധനം ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്. സമയബന്ധിതമായി അതു പൂർത്തിയാക്കാൻ നടപടിയുണ്ടാകണം.
രാജ്യത്തിനകത്തുള്ള പ്രവാസികളെപ്പോലെ വിദേശത്തും ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവരും വോട്ടവകാശത്തിനായി വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. രാജ്യത്തു വിദൂര വോട്ടിംഗിനുള്ള സൗകര്യം ഒരുക്കാമെങ്കിൽ വിദേശത്തുള്ള ഇന്ത്യക്കാർക്കും ഈ ആനുകൂല്യം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |