കൊച്ചി: 5ജി യുഗത്തിലേക്ക് ചുവടുവച്ച ഇന്ത്യൻ ടെലികോം രംഗത്ത് പോര് കൊഴുപ്പിക്കാൻ രാജ്യത്തെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും ഒരുങ്ങുന്നു. കഴിഞ്ഞവർഷം നടന്ന 5ജി ലേലത്തിൽ പങ്കെടുത്ത് 212 കോടി രൂപയുടെ സ്‌പെക്‌ട്രം സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് സ്വകാര്യ ആവശ്യത്തിനാണ് ഇതുപയോഗിക്കുകയെന്നും ഉപഭോക്തൃവിപണിയിലേക്ക് പ്രവേശിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ വർഷം 5ജി സേവനത്തിലേക്ക് കടക്കാനും ഉപഭോക്താക്കൾക്കായി 'കൺസ്യൂമർ ആപ്പ്" പുറത്തിറക്കാനും കമ്പനി ഒരുങ്ങുന്നതായി ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്. രണ്ടാമത്തെ വലിയ ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോയും ഭാരതി എയർടെല്ലും വീയും (വൊഡാഫോൺ-ഐഡിയ) അരങ്ങുതകർക്കുന്ന ടെലികോം വിപണിയിലേക്കാണ് അദാനിയും ചുവടുവയ്ക്കുന്നത്.
നിലവിൽ രാജ്യത്ത് കൊച്ചിയും തിരുവനന്തപുരവും അടക്കം നിരവധി നഗരങ്ങളിൽ പരീക്ഷണാർത്ഥം 5ജി സേവനം നൽകുന്ന റിലയൻസ് ജിയോ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്.
വൻ പദ്ധതികളുമായി അദാനി ഗ്രൂപ്പ്
ഇന്ത്യയ്ക്ക് വെളിയിലും ബിസിനസ് സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങുന്ന അദാനി ഗ്രൂപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻലേണിംഗ് (എ.ഐ-എം.എൽ), ഇൻഡസ്‌ട്രിയൽ ക്ളൗഡ്, ഡേറ്റാ സെന്റർ സജ്ജീകരണം എന്നിവയിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ജീവനക്കാർക്ക് നൽകിയ പുതുവത്സര സന്ദേശത്തിൽ ഗൗതം അദാനി പറഞ്ഞിരുന്നു.
5ജി സേവനം ആരംഭിക്കുമെന്നും ഉപഭോക്താക്കൾക്കായി ബി2സി ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽതരംഗത്തിൽ അദാനി ഗ്രൂപ്പിനെയും പങ്കാളിയാക്കുകയാണ് അദാനിയുടെ ഉന്നം.
രാജ്യവ്യാപക സേവനം അദാനിക്ക് സാദ്ധ്യമല്ല
5ജി ലേലത്തിൽ അദാനി ഗ്രൂപ്പ് നേടിയത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനുള്ള 400എം.എച്ച്.ഇസഡ് (മെഗാഹെട്‌സ്) സ്‌പെക്‌ട്രം ബാൻഡാണ്. ഇതുപയോഗിച്ച് രാജ്യത്തെമ്പാടും 5ജി സേവനം നൽകാൻ കമ്പനിക്ക് കഴിയില്ല.
സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് പുറമേ മറ്റ് സംരംഭങ്ങൾക്ക് സ്വകാര്യ നെറ്റ്‌വർക്ക് സേവനം നൽകാനുമാകും അദാനി ശ്രമിക്കുക.
മഹീന്ദ്ര ഗ്രൂപ്പിന് സ്വകാര്യ നെറ്റ്‌വർക്ക് സേവനം നൽകാനുള്ള വമ്പൻ ഓർഡർ എയർടെൽ നേടിയിരുന്നു.
സ്വകാര്യ നെറ്റ്‌വർക്ക് സേവനം നൽകാൻ ഒട്ടേറെ കമ്പനികളുമായി ജിയോ ചർച്ച നടത്തുന്നുണ്ട്.
ഈ രംഗത്തേക്കാകും അദാനി ഗ്രൂപ്പും ചുവടുവയ്ക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |