മക്ക: ലോകത്തിലെ ഏറ്റവും മൂല്യമുളള കെട്ടിടങ്ങളിലൊന്നിലാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്. അംബാനി കുടുംബത്തിന്റെ ആഡംബര വസതിയായ ആന്റിലിയയുടെ നിർമാണം 2010ലാണ് പൂർത്തിയായത്. രണ്ട് ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) മുല്യമുളള ഈ കെട്ടിടത്തിന് 27 നിലകളുണ്ട്. 400,000 ചതുരശ്ര അടി വിസ്തീർണമുളള ഈ വസതിയുടെ പ്രത്യേകതകൾ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ആന്റിലിയയെ വെല്ലുന്ന തരത്തിലുളള മറ്റൊരു ആഡംബര കെട്ടിടമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
മക്കയിലെ അബ്രജ് അൽ ബൈത്താണ് കെട്ടിടം. 16 ബില്യൺ ഡോളർ വിലമതിപ്പുളള ഈ കെട്ടിടം മക്കയിലെ ഗ്രേറ്റ് മസ്ജിദിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം മക്ക റോയൽ ക്ലോക്ക് എന്നും അറിയപ്പെടുന്നുണ്ട്. അതുപോലെ ആന്റിലിയയേക്കാൾ മൂല്യമുളള മറ്റൊരു കൊട്ടാരം ബക്കിംഗ്ഹാമിലും സ്ഥിതി ചെയ്യുന്നുണ്ട്. ബക്കിംഗ്ഹാം കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടണിലെ അന്തരിച്ച എലിസബത്ത് രാഞ്ജി താമസിച്ചിരുന്ന കൊട്ടാരമാണിത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള കൊട്ടാരങ്ങളിൽ ഒന്നാണിത്.
മക്ക റോയൽ ക്ലോക്ക് ടവർ
1972 അടി ഉയരമുളള കെട്ടിട സമുച്ചയമാണ് മക്ക റോയൽ ടവർ. ഇത് സൗദി അറേബ്യയിലെ ഏറ്റവും ഉയരമുളള കെട്ടിടമാണ്. ലോകത്തിലെ ഏറ്റവും ഉയരമുളള നാലാമത്തെ കെട്ടിടമെന്ന പ്രത്യേകതയും മക്ക റോയൽ ടവറിനുണ്ട്. ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് മക്ക റോയൽ ക്ലോക്ക് ടവർ ഭൂമിയിലെ തന്നെ ഏറ്റവും ഉയരമുളള ആറാമത്തെ ഫ്രീസ്റ്റാൻഡിംഗ് ഘടനയിൽ നിർമിച്ചതാണ്.
പുണ്യനഗരമായ മക്കയിൽ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് മക്ക റോയൽ ക്ലോക്ക് ടവർ നിർമിച്ചത്. ഇത് തീർത്ഥാടകർക്കായും തുറന്നുനൽകിയിട്ടുണ്ട്. അഞ്ച് നിലകളുളള ഷോപ്പിംഗ് മാളും ആയിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുമുളള സൗകര്യം ടവറിനുളളിൽ ഉണ്ട്. മുകളിലത്തെ നിലകളിൽ ക്ലോക്ക് ടവർ മ്യൂസിയവും കൂടാതെ ജ്യോതിശാസ്ത്ര നിരീക്ഷണാലയം,പ്രദർശന ഹാളുകൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. ഇതിനോടൊപ്പം രാജകുടുംബാംഗങ്ങൾക്കും വിശിഷ്ടാതിഥികൾക്കുമായും പ്രത്യേക പ്രാർത്ഥനാ മുറികളും കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |