കോഴിക്കോട്: ഇൻസുലിൻ പമ്പ് ദേഹത്ത് ഘടിപ്പിച്ച് സുനു ബാബു കുച്ചുപ്പുടി ആടിത്തീർക്കുമ്പോൾ മനമുരികിയ പ്രാർത്ഥനയിലായിരുന്നു വേദിക്കുമുന്നിൽ അമ്മ അനു. ടൈപ്പ് വൺ പ്രമേഹ ബാധിതയായ സുനു ജീവൻ കൈയിൽ പിടിച്ചാണ് 15 മിനിട്ട് നിറഞ്ഞാടിയത്. പത്തനംതിട്ട കൂരമ്പാല സ്നേഹഭവനത്തിൽ സാബുവിന്റെ മകളാണ് സുനു.
ഒന്നാം ക്ളാസിൽ നൃത്തം പഠിച്ചുതുടങ്ങിയ സുനുവിനെ തളർത്താൻ ദുർവിധിയെത്തിയത് പനിയുടെ രൂപത്തിൽ, 12-ാം വയസിൽ. പാൻക്രിയാസിന്റെ പ്രവർത്തനം നിലച്ചു. ഇനി നൃത്തം പറ്റില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ, കാലിൽ ചേർത്തുവച്ച ചിലങ്ക അഴിച്ചുകളയാൻ സുനുവിന് ആകുമായിരുന്നില്ല.
സബ് ജില്ലാതലത്തിൽ മത്സരിച്ചിറങ്ങുമ്പോൾ ഷുഗർലെവൽ 32ലേക്ക് താഴ്ന്നിരുന്നു. വിറയലും തളർച്ചയുമായി വേദിക്കുപിന്നിൽ കുഴഞ്ഞുവീണു. സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചപ്പോഴും പോകരുതെന്ന് ഡോക്ടർമാർ വിലക്കി. മകളുടെ നിർബന്ധത്തിന് അച്ഛനും അമ്മയും വഴങ്ങി.
കർട്ടൻ വീണതോടെ അമ്മയും അച്ഛനും സ്റ്റേജിനു പിന്നിലേക്ക് ഓടി. അപ്പോഴേക്കും ഷുഗർ ലെവൽ 40ലേക്കു താണിരുന്നു. ഡോക്ടറുടെ സേവനം ഉറപ്പാക്കി. അമ്മ കൈയിൽ കരുതിയ മാങ്കോ ഫ്രൂട്ടി നൽകി. 10 മിനിട്ടുകൊണ്ട് ഷുഗർ ലെവൽ 72ലേക്ക് ഉയർന്നത് ആശ്വാസമായി. പന്തളം തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി ഹൈസ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ്. സുമനസുകളുടെ സഹായത്താലാണ് മത്സരവേദിയിലെത്തിയത്. മത്സരത്തിൽ പങ്കെടുത്തത് അപ്പീലിലൂടെ ആയതിനാൽ ഫലം പുറത്തുവന്നിട്ടില്ല.
ഇൻസുലിൻ പമ്പ്
ഷുഗർ ലെവൽ കുറയുമ്പോൾ ഇൻസുലിൻ ഓട്ടോമാറ്റിക്കായി ശരീരത്തിലേക്ക് കടക്കും. ഒരു തവണ നിറച്ചാൽ മൂന്നു ദിവസം ഉപയോഗിക്കാം. വില: 6 ലക്ഷം.
സംസ്ഥാനത്ത് ടൈപ്പ് വൺ രോഗികൾ: 6000 കുട്ടികൾ
ഇൻസുലിൻ പമ്പ് ഘടിപ്പിച്ച് നൃത്തം ചെയ്യുന്നത് ഏറെ അപകടമാണ്. ചിലപ്പോൾ ജീവൻ തന്നെ അപകടത്തിൽപ്പെടാം. എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിരുന്നു.
-സുനുവിനെ ചികിത്സിച്ച ഡോക്ടർമാർ
നൃത്തമാണ് എനിക്കെല്ലാം. നൃത്തമില്ലെങ്കിൽ പിന്നെ ജീവിതമില്ല. സ്‌കൂൾ ഒഫ് പെർഫോമിംഗ് ആർട്‌സിലെ ദീപക് നായരാണ് ഗുരുനാഥൻ.
-സുനു ബാബു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |