തിരുവനന്തപുരം: മൂന്നുവർഷം മുൻപ് പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളിയ യുവസംവിധായിക നയനാസൂര്യയുടെ (28) മരണം കൊലപാതകമാണെന്ന സൂചനയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. നയനയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അഡി. ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ 'അസ്ഫിക്സിയോഫീലിയ" എന്ന സ്വയംപീഡന അവസ്ഥയിൽ സ്വയം കഴുത്തുഞെരിച്ചാണ് മരണമെന്നും പ്രമേഹരോഗിയായിരുന്ന നയന ഷുഗർ നില അപകടകരമാംവിധം താണ് കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നെന്നും കണ്ടെത്തിയാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്. നയനയുടെ സുഹൃത്തുക്കൾ പരാതിയുന്നയിച്ചതിനെത്തുടർന്ന് ഡി.സി.ആർ.ബി അസി. കമ്മിഷണർ കെ.ജെ. ദിനിൽ തുടരന്വേഷണ സാദ്ധ്യത അന്വേഷിച്ചു. സ്വയം പരിക്കേൽപ്പിച്ചെന്ന പൊലീസ് കണ്ടെത്തൽ ഫോറൻസിക് പരിശോധനയിൽ ശരിവയ്ക്കുന്നില്ലെന്നും നയന താമസിച്ചിരുന്ന വീടിന്റെ മുൻവാതിൽ അടച്ചിരുന്നെങ്കിലും ബാൽക്കണി വഴി ഒരാൾക്ക് രക്ഷപെടാനുള്ള സാദ്ധ്യതയുണ്ടെന്നും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിച്ചിട്ടില്ലെന്നും കണ്ടെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.
മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയിട്ടും കൊലപാതക സാദ്ധ്യത അന്വേഷിക്കാതെ, സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന് വിധിയെഴുതി കേസൊതുക്കാനാണ് മ്യൂസിയം പൊലീസ് ശ്രമിച്ചത്. കഴുത്തിലുണ്ടായ മുറിവ്, ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവയെക്കുറിച്ച് അന്വേഷിക്കാതെയും നിർണായക തെളിവുകളും വിവരങ്ങളും ശേഖരിക്കാതെയുമാണ് തെളിയിക്കപ്പെടാത്ത കേസായി വിലയിരുത്തി അന്വേഷണം അവസാനിപ്പിച്ചത്.
2019 ഫെബ്രുവരി 24നാണ് നയനയെ അബോധാവസ്ഥയിൽ ആൽത്തറജംഗ്ഷനിലെ വാടകവീട്ടിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്. കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകളായ നയനാസൂര്യ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു. ലെനിൻ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെയും മരണം.
കാറ്റിൽ പറത്തിയ തെളിവുകൾ
1. വാതിൽ പൂട്ടിയിരുന്നതിനാൽ, ഉടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ വാങ്ങിയാണ് വാതിൽ തുറന്നത്.
നയനയുടെ കൈവശമുണ്ടായിരുന്ന താക്കോൽ എവിടെയെന്ന് മ്യൂസിയം പൊലീസ് അന്വേഷിച്ചില്ല.
2. മൃതദേഹം കണ്ടെത്തിയ മുറി തള്ളിത്തുറന്നെന്നാണ് സുഹൃത്തിന്റെ മൊഴി. അകത്തുനിന്ന് കുറ്റിയിട്ടിരുന്നെന്ന് മറ്റൊരു മൊഴിയുമുണ്ട്. ഇക്കാര്യം കൃത്യമായി പൊലീസ് അന്വേഷിച്ചില്ല.
3. 22ന് രാത്രിയിൽ അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിരുന്നു. അതിനുശേഷം ഫോൺവിളികളുണ്ടായിട്ടില്ല. ഇതേക്കുറിച്ചും ശാസ്ത്രീയമായ അന്വേഷണമുണ്ടായില്ല.
4. പുറമെനിന്ന് ആരും മുറിയിൽ കയറാനുള്ള സാദ്ധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തിയെങ്കിലും ബാൽക്കണി വഴി രക്ഷപെടാനുള്ള വഴിയുണ്ടെന്ന് കെ.ജെ. ദിനിലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
5. മുറി കുറ്റിയിട്ടിരുന്നതിനാൽ ആത്മഹത്യയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. നയനയെ കൊലപ്പെടുത്തിയതാവാൻ ശക്തമായ സാദ്ധ്യതയുണ്ടെന്നാണ് അസി.കമ്മിഷണർ ദിനിലിന്റെ റിപ്പോർട്ട്.
മുറിവുകളും അവഗണിച്ചു
1. നയനയുടെ കഴുത്തിൽ ഏഴിടത്ത് ക്ഷതമുണ്ടെന്നും വയറിന്റെ ഇടതുവശത്തും മദ്ധ്യത്തിലും പാൻക്രിയാസിന്റെയും വൃക്കയുടെയും മുകൾഭാഗത്തും ക്ഷതമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം. ഇതെങ്ങനെയുണ്ടായെന്ന് അന്വേഷിച്ചതേയില്ല.
2. കഴുത്തിന്റെ ഇടതുവശത്ത് 31.5സെ.മി നീളത്തിൽ ഉരഞ്ഞുണ്ടായ മുറിവ് ഇൻക്വസ്റ്റിലുൾപ്പെടുത്തിയില്ല. താടിയെല്ലിൽ 6.5സെ.മി നീളമുള്ള ഉരഞ്ഞപാടും കഴുത്തിൽ പലേടത്തും ഉരഞ്ഞപാടുകളുമുണ്ടായിരുന്നു. നെഞ്ചിന്റെ ഭാഗത്തും കഴുത്തിന് മുൻഭാഗത്തും അസ്ഥിയും മാംസവും പിങ്ക് നിറത്തിലായിരുന്നു.
3. വയറ്റിൽ ശക്തമായി ചവിട്ടിയാലുണ്ടാവുന്നതുപോലുള്ള 5സെ.മി വലിപ്പമുള്ള ക്ഷതവും പൊലീസ് വകവച്ചില്ല. ഇതിന്റെ ആഘാതത്തിൽ വൃക്ക, പാൻക്രിയാസ്, പ്ലീഹയടക്കം ആന്തരികാവയവങ്ങൾ ഞെരിഞ്ഞ് ശക്തമായ രക്തസ്രാവമുണ്ടായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതെങ്കിലും അവഗണിച്ചു.
കെട്ടിച്ചമച്ച അപൂർവരോഗം
'അസ്ഫിക്സിയോഫീലിയ" എന്ന സ്വയം പീഡിപ്പിക്കുന്ന മനോരോഗമുണ്ടായിരുന്ന നയന, സ്വയം കഴുത്തുഞെരിച്ച് ജീവനൊടുക്കിയെന്നാണ് ആദ്യ അന്വേഷണത്തിലെ കണ്ടെത്തൽ. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണിത്. കഴുത്തുഞെരിച്ചാണ് മരണമെന്ന് പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയതോടെയാണ്, സ്വയം ശരീരപീഡ നടത്തുന്ന ഈ അപൂർവരോഗം പൊലീസ് കെട്ടിച്ചമച്ചത്. വിദേശത്തുപോലും വിരളമാണ് ഈ മനോരോഗം. ഇങ്ങനെയൊരു രോഗം നയനയ്ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. 'അസ്ഫിക്സിയോഫീലിയ" രോഗം സ്ഥിരീകരിക്കാൻ മുറിയിലെ സാഹചര്യങ്ങളും വസ്തുക്കളും ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. മഹസർ റിപ്പോർട്ടിൽ ഇതൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |