പണിമുടക്കിയാൽ ശമ്പളം പിടിക്കണം
സർവീസ് ചട്ടപ്രകാരം നടപടി വേണം
കൊച്ചി: ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പണിമുടക്കാൻ അവകാശമില്ലെന്നും പണിമുടക്കിയാൽ ശമ്പളത്തിന് അർഹരല്ലെന്നും ഹൈക്കോടതിയുടെ സുപ്രധാന വിധി. സർവീസ് റൂളിനും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമായി പണിമുടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചു.
2022 മാർച്ച് 28, 29 തീയതികളിൽ പണിമുടക്കിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ചന്ദ്രചൂഡൻ നായർ നൽകിയ ഹർജി തീർപ്പാക്കുകയായിരുന്നു കോടതി. ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു ഈ ദിവസങ്ങളിലെ പണിമുടക്ക്.
ജീവനക്കാർക്ക് സർവീസ് പെരുമാറ്റച്ചട്ടങ്ങളും സർക്കാരിന്റെ സർക്കുലറുകളും വിജ്ഞാപനങ്ങളും ലംഘിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിൽ പണിമുടക്കാൻ നിയമപരമായി അവകാശമില്ലെന്ന് 2021ലെ ജി. ബാലഗോപാലൻ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഹർജിയിലും ഇതു ബാധകമാണ്.
പണിമുടക്കിനു മുമ്പ് നൽകിയ ഹർജിയിൽ, ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതു തടഞ്ഞ് ഉത്തരവിറക്കാൻ ഹൈക്കോടതി ഇടക്കാല നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പണിമുടക്ക് തുടങ്ങിയ ദിവസമായ മാർച്ച് 28നാണ് ഉത്തരവിറക്കിയത്. അത്യാവശ്യക്കാർക്കേ അവധി നൽകൂ, ജോലിക്ക് വരാത്തവർക്ക് ഡയസ്നോൺ ബാധകമാക്കും, ഇവരുടെ ഏപ്രിലിലെ ശമ്പളത്തിൽ കുറവു വരുത്തും എന്നീ വ്യവസ്ഥകൾ ഉത്തരവിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
സമരദിനങ്ങളിൽ ശമ്പളത്തോടുകൂടി അവധി അനുവദിച്ച് സർക്കാർ മുമ്പിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി ഇതിൽ സ്റ്റേ അനുവദിച്ചിട്ടുമില്ല. ആ നിലയ്ക്ക് സർക്കാർ നടപടി തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ശമ്പളം തടഞ്ഞെന്ന് സർക്കാർ
മാർച്ച് 28ന് ഹാജരാകാത്ത 1,96,931 ജീവനക്കാരുടെയും 29ന് ഹാജരാകാത്ത 1,56,845 പേരുടെയും ശമ്പളം തടഞ്ഞു. മാർച്ച് 28ന് ഹാജരാകാതിരുന്ന 24 പേർക്കെതിരെയും 29ന് വരാതിരുന്ന നാലുപേർക്കെതിരെയും അച്ചടക്ക നടപടിയുമെടുത്തു. വനം, റവന്യു, ഹയർ സെക്കൻഡറി, പൊതുമരാമത്ത് വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്.
പണിമുടക്ക് വിലക്കുന്നത് ജനാധിപത്യ അവകാശം ഹനിക്കും. തൊഴിൽമേഖലയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ പ്രധാനപ്പെട്ട സമരായുധമാണ്. കോടതിവിധി വന്നതുകൊണ്ട് പണിമുടക്ക് ഇല്ലാതാകുന്നില്ല
എൻ.ജി.ഒ യൂണിയൻ
പണിമുടക്കിലൂടെ കരുത്താർജ്ജിച്ച ജനാധിപത്യമാണ് ഇവിടെയുള്ളത്. ജീവനക്കാരുടെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഹനിച്ച് മുന്നോട്ടുപോകുന്നത് ഭൂഷണമല്ല
എൻ.ജി.ഒ അസോസിയേഷൻ
ആകെ സർക്കാർ ജീവനക്കാർ
5.17 ലക്ഷം
ഒരു മാസം ശമ്പളത്തിന്
₹ 3600 കോടി
ദിവസം ശമ്പളത്തിന്
₹118 കോടിയോളം
സംസ്ഥാന വരുമാനത്തിന്റെ
32 ശതമാനവും ശമ്പളത്തിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |