വിശ്വപൗരനെന്നും കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവെന്നും അറിയപ്പെടുന്ന ശശി തരൂർ എം.പിയെ നായർ മേലങ്കി അണിയിച്ച് താക്കോൽ സ്ഥാനത്തെത്തിക്കാനുള്ള എൻ.എസ്.എസ് ശ്രമം അദ്ദേഹത്തിന്റെ വിശ്വപൗരനെന്ന ഇമേജിന് കോട്ടം തട്ടിക്കുമോ എന്ന ആശങ്കയാണിപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുയർന്നിരിക്കുന്നത്.
മന്നം ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജനുവരി രണ്ടിന് പെരുന്നയിൽ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചപ്പോൾത്തന്നെ സുകുമാരൻ നായരുടെ നിർണായക രാഷ്ട്രീയ നീക്കമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള എൻ.എസ്.എസിന്റെ നീക്കം കൂടിയായി അതിനെ വിലയിരുത്തി. മുസ്ലിംലീഗിനെ ഒപ്പം നിറുത്തിയും, ക്രൈസ്തവ സഭകളുമായി അടുത്തും തരൂർ നടത്തിയ നീക്കത്തെയും എൻ.എസ്.എസ് പിന്തുണച്ചിരുന്നു. ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് തരൂർ നടത്തിയ പ്രസംഗം ഇപ്പോൾ അദ്ദേഹത്തിനുതന്നെ വിനയായി മാറിയിരിക്കുകയാണ്. 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് ' മന്നത്ത് പദ്മനാഭനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ തരൂർ, കേരള രാഷ്ട്രീയത്തിൽ നിന്നുള്ള തന്റെ അനുഭവമാണിതെന്ന് കൂടി പറഞ്ഞതോടെ അത് രമേശിനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും എതിരായ ഒളിയമ്പാണെന്ന വ്യാഖ്യാനവും ഉയർന്നുകഴിഞ്ഞു. നേതൃത്വത്തെ ധിക്കരിച്ച് എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതു മുതൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് തരൂരിനെതിരെ ഒളിയമ്പുകൾ വരുന്നതിനിടെയുണ്ടായ പരാമർശം എരിതീയിൽ എണ്ണ കോരിയൊഴിക്കും പോലെയായി. കോൺഗ്രസ് എം.പിമാർ, എം.എൽ.എമാർ, നേതാക്കൾ തുടങ്ങിയവരെ സദസിന്റെ മുന്നിലിരുത്തിയായിരുന്നു തരൂരിന്റെ പരാമർശം. എ.കെ ആന്റണിക്ക് ശേഷം 10 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്.
തരൂരിനെ
വാനോളം പുകഴ്ത്തി
സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ജി.സുകുമാരൻ നായർ, ശശി തരൂർ ഡൽഹി നായരാണെന്ന തന്റെ പഴയ വിവാദ പരാമർശം തിരുത്തിയതും ശ്രദ്ധേയമായി. "തരൂർ ഡൽഹി നായരാണെന്നാണ് അന്ന് ഞാൻ പ്രസ്താവന നടത്തിയത്. അത് തിരുത്താനുള്ള അവസരമാണിത്. തരൂർ ഡൽഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. ഇദ്ദേഹത്തോളം യോഗ്യനായ മറ്റൊരാളെ കാണാനില്ല". സുകുമാരൻ നായർ പറഞ്ഞു. ഈ പ്രശംസാ വാക്കുകളിലൂടെ സുകുമാരൻ നായർ ലക്ഷ്യമിട്ടത് തനിയ്ക്ക് നീരസമുള്ള കോൺഗ്രസിലെ വി.ഡി സതീശനെപ്പോലെയുള്ള നേതാക്കളെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2009 ൽ ശശി തരൂർ ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഡൽഹി നായരാണെന്ന വിവാദ പരാമർശവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്. യു.ഡി.എഫ് അദ്ദേഹത്തെ നായരുടെ അക്കൗണ്ടിൽ പെടുത്തേണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു. പിന്നീട് തരൂർ കേന്ദ്രമന്ത്രിയായുകയും തുടർച്ചയായി മൂന്ന് തവണ തിരുവനന്തപുരത്തു നിന്ന് എം.പി ആയിട്ടും പഴയ നിലപാട് തിരുത്താൻ സുകുമാരൻ നായർ തയ്യാറായിരുന്നില്ല. ഒരർത്ഥത്തിൽ തരൂരിന് ആശ്വസിക്കാം. തള്ളിപ്പറഞ്ഞവർ തന്നെ സ്വീകരിച്ചിരുത്തിയതിലൂടെ മധുരമായി പകരം വീട്ടാനായെന്ന ആശ്വാസം. തരൂരിനെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പുകഴ്ത്തിയതിൽ സന്തോഷമെന്നായിരുന്നു വി.ഡി സതീശൻ പ്രതികരിച്ചത്. കോൺഗ്രസ് നേതാവിനെ സംബന്ധിച്ച് നല്ല അഭിപ്രായം ആരു പറഞ്ഞാലും തങ്ങളതിനെ സ്വാഗതം ചെയ്യുമെന്നും സതീശൻ പറഞ്ഞു. രണ്ട് മാസം മുമ്പാണ് സുകുമാരൻ നായർ വി.ഡി സതീശനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. സമുദായസംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താൻ ജയിച്ചതും പ്രതിപക്ഷ നേതാവായതുമെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് വി.ഡി സതീശനായിരിക്കുമെന്നും വിമർശിച്ചിരുന്നു. ഏതായാലും കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ നേതാവായി ഉയർന്നു വന്ന ശശി തരൂർ നായരായി ബ്രാൻഡ് ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്ക് ഗുണകരമാകില്ലെന്നും വിലയിരുത്തപ്പെടുന്നു. വിശ്വപൗരനിൽ നിന്ന് വെറുമൊരു നായരായി ചുരുങ്ങിയെന്ന വിമർശനമാണിപ്പോൾ ഉയരുന്നത്.
സുകുമാരൻ നായർക്കും
പ്രസ്താവന ബാധകം
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന തരൂരിന്റെ പ്രസംഗം സുകുമാരൻ നായർക്കെതിരായുമുള്ള ഒളിയമ്പായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രാജ്യം ദേശീയ പുരസ്ക്കാരം നൽകി ആദരിച്ച അനുഗൃഹീത കലാകാരനും മുൻ രാജ്യസഭാ എം.പി യും മലയാളസിനിമയിലെ സൂപ്പർ താരവുമായ സുരേഷ് ഗോപിയെ പെരുന്നയിൽ നിന്ന് അവഹേളിച്ച് ഇറക്കിവിട്ടിട്ട് അധികകാലമായിട്ടില്ല. എൻ.എസ്.എസിന്റെ സമ്മേളന വേദിയിലേക്ക് ക്ഷണിക്കാതെ കയറി വന്നെന്ന് പറഞ്ഞാണ് സുരേഷ് ഗോപിയെ ഇറക്കിവിട്ടത്. വ്രണിതഹൃദയനായി അന്ന് അവിടെ നിന്നിറങ്ങിപ്പോയ സുരേഷ്ഗോപിയുടെ അനുഭവം കേരളത്തിന്റെ മുറിപ്പാടാണ്. ഒരു നായരല്ലെങ്കിലും ആദർശത്തിൽ എ.കെ ആന്റണിയ്ക്കൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന വി.എം സുധീരനെ എൻ.എസ്.എസ് ആസ്ഥാനത്തു വച്ച് അവഹേളിച്ചതും കേരളം മറന്നിട്ടില്ല. കെ.പി.സി.സി പ്രസിഡന്റായിരിയ്ക്കെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനെത്തിയ സുധീരനെ കണ്ടിട്ടും കാണാത്തതു പോലെ ഓഫീസിനകത്തേക്ക് കയറിപ്പോകുകയായിരുന്നു സുകുമാരൻ നായർ. സുധീരനാകട്ടെ, മറ്റു നേതാക്കളെപ്പോലെ പിന്നാലെ ചെന്ന് മുഖംകാണിക്കാൻ നിൽക്കാതെ മടങ്ങിപ്പോകുകയായിരുന്നു.
എന്നിട്ടും
മുറുമുറുപ്പ്
യു.ഡി.എഫ് സ്നേഹവും നായർസ്നേഹവും വച്ചു പുലർത്തുമ്പോഴും നായർ സമുദായത്തിന് ഏറ്റവുമധികം ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ പിണറായി വിജയനോടും ഇടത് സർക്കാരിനോടുമുള്ള സുകുമാരൻനായരുടെ ചതുർത്ഥിക്ക് ഇപ്പോഴും കുറവില്ലെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. എൻ.എസ്.എസിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ് മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം നൽകണമെന്നത്. യു.ഡി.എഫ് സർക്കാരിന് പോലും ധൈര്യമില്ലാതിരിയ്ക്കെയാണ് ഒന്നാം പിണറായി സർക്കാർ ദേവസ്വം ബോർഡുകളിൽ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയത്. സദ്യയുണ്ടവന് വീണ്ടും മൃഷ്ടാന്നം നൽകുന്ന പോലെ 90 ശതമാനത്തിലധികം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡുകളിൽ 10 ശതമാനം സംവരണം കൂടി ഏർപ്പെടുത്തിയതോടെ പിന്നാക്കക്കാർ ദേവസ്വം ബോർഡുകളുടെ പിന്നാമ്പുറത്തായി. 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് ധൈര്യം പകർന്നതും കേരളസർക്കാർ കാട്ടിയ ഈ മാതൃകയായിരുന്നു. മന്ത്രി സഭയിലും പാർട്ടി കമ്മിറ്റികളിലുമെല്ലാം നായർ സമുദായാംഗങ്ങൾക്ക് മുന്തിയ പ്രാധാന്യമുണ്ടായിട്ടും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ പിണറായി സർക്കാരിന് ആത്മാർത്ഥതയില്ലെന്നാണ് സുകുമാരൻ നായരുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |