കോഴിക്കോട്: കലോത്സവത്തിൽ പാചകം ചെയ്യാൻ ഇനി താനില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ കടന്നുപോയ അവസ്ഥകൾ വിവരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. ഭീകരമായ അവസ്ഥയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും രാത്രിയിൽ ഉറങ്ങാതെ കാവലിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
"വിവാദങ്ങൾക്ക് ശേഷം രാത്രിയിൽ ഉറങ്ങാതെ കാവലിരിക്കേണ്ട അവസ്ഥ വന്നു. അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്. ആ ഒരു അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, ഞാൻ മാറുന്നതിനെക്കുറിച്ചല്ല. ഇങ്ങനെയൊരു കാര്യം സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നിങ്ങൾ ചർച്ച ചെയ്യണം. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലേക്കാണ്.
ക്ഷീണിച്ചുവരുന്ന കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി. അങ്ങനെയൊരു സാഹചര്യത്തിൽ നിന്നുകൊണ്ട്, അടുക്കളയിൽ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തിൽ സ്വയം എത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വല്ലാത്ത ഭയം വന്നത്.
അവസാനത്തെ രണ്ടു ദിവസം ഞാൻ വല്ലാതെ പേടിച്ചാണ് നിന്നത്. രാത്രി ആരും ഉറങ്ങിയിട്ടില്ല. എല്ലാവരും കസേരയുമിട്ട് കാവലിരിക്കുകയായിരുന്നു. ആ ഒരു അവസ്ഥയിൽ ഇനി മുന്നോട്ട് പോകാൻ പറ്റില്ല. മുൻപ് നരേന്ദ്ര മോദിജി വന്നപ്പോൾ തോക്കിൻമുനയിൽ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിലും ഭീകരമായ അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആ ഒരു അവസ്ഥയിലേക്ക് ഇനി ഇല്ല. എന്റെ ഭയം എങ്ങനെ അതിജീവിക്കാമെന്ന് ബോദ്ധ്യമില്ലാത്തിടത്തോളം കാലം ഇനി കലോത്സവത്തിലേക്കില്ല.'- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |