തിരുവനന്തപുരം: മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ ഭാര്യയും നർത്തകിയും സാമൂഹ്യപ്രവർത്തകയും ചിത്രകാരിയുമായ ചന്ദ്രലേഖ ശ്രീനിവാസൻ (74) നിര്യാതയായി. ഇന്നലെ രാവിലെ കിംസ് ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖംമൂലം ഇരുപത് ദിവസമായി ചികിത്സയിലായിരുന്നു. അസുഖം ഭേദമായി ഇന്നലെ ആശുപത്രി വിടാൻ ഒരുങ്ങുമ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്.
ഇന്ന് രാവിലെ എട്ടിന് മൃതദേഹം ജവഹർനഗറിലെ ജെ.3 'ശ്രീലേഖ' എന്ന വസതിയിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ സംസ്കാരം. മക്കൾ: ശ്രീനാഥ് ശ്രീനിവാസൻ (മാദ്ധ്യമവിഭാഗം അദ്ധ്യാപകൻ,കൊളംബിയ സർവകലാശാല, യു.എസ്.എ), ശ്രീകാന്ത് ശ്രീനിവാസൻ (ദുബായ്). മരുമക്കൾ: അന്താരാഷ്ട്ര ഷൂട്ടിംഗ് താരവും അർജ്ജുന അവാർഡ് ജേതാവുമായ രൂപാ ഉണ്ണികൃഷ്ണൻ, മാദ്ധ്യമപ്രവർത്തക ശരാവതി ചോക്സി.
1968ലായിരുന്നു തിരുവനന്തപുരത്തെ മരയ്ക്കാർ മോട്ടേഴ്സ് മുൻ ജനറൽ മാനേജർ രാമൻകുട്ടി നായരുടെയും വനജ നായരുടേയും മകളായ ചന്ദ്രലേഖയും ടി.പി.ശ്രീനിവാസനും തമ്മിലുള്ള വിവാഹം. പിന്നീട് അദ്ദേഹത്തിനൊപ്പം ലോകരാജ്യങ്ങളിൽ മാറിമാറി താമസിച്ച അവർ അവിടങ്ങളിലെല്ലാം കലയിലും സാമൂഹ്യപ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. താമസിച്ച ലോകരാജ്യങ്ങളിലെല്ലാം വിദേശ നയതന്ത്ര കുടുംബങ്ങളിലെ കുട്ടികളെ സൗജന്യമായി ഭരതനാട്യം പഠിപ്പിച്ചു.
ചെറുപ്പത്തിൽ നാട്യശ്രീ ശങ്കരൻകുട്ടിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച ചന്ദ്രലേഖ പിന്നീട് ഡൽഹിയിൽ യാമിനി കൃഷ്ണമൂർത്തിയുടെ കീഴിലും പഠനം നടത്തിയിരുന്നു. ന്യൂയോർക്കിൽ നൃത്തം ചെയ്ത് ലഭിച്ച വരുമാനം ഉപയോഗിച്ച് 1993ൽ തുടങ്ങിയ കരുണ ചാരിറ്റീസ് ഇന്റർനാഷണൽ ഇന്ന് പത്തിലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ദുരന്തമേഖലകളിൽ വസ്ത്രങ്ങൾ സമാഹരിച്ച് വിതരണം നടത്തിയ കരുണ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
തിരുവനന്തപുരം കുമാരപുരത്ത് കാൻസർ രോഗികൾക്ക് താമസിച്ച് ചികിത്സ നടത്താൻ സ്റ്റേ ഹോം സൗകര്യമൊരുക്കി നൽകി. കഴിഞ്ഞ ആറുവർഷത്തിനിടയിൽ മൂവായിരത്തോളം കാൻസർ രോഗികൾക്ക് സഹായം നൽകി. ലോകമാകെ പാവപ്പെട്ട രോഗികൾക്ക് വീൽചെയറുകൾ, പേസ് മേക്കറുകൾ, വിലകൂടിയ ഇൻട്രാകളർ ലെൻസുകൾ എന്നിവ നൽകിയിട്ടുണ്ട്. സുനാമി ദുരന്ത മേഖലയിലും സഹായവുമായി ഒാടിയെത്തിയിരുന്നു. തിരുവനന്തപുരത്ത് 22 നിർദ്ധന യുവതികളുടെ വിവാഹം നടത്തിക്കൊടുത്തിരുന്നു. വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |