തിരുവനന്തപുരം: ശശി തരൂരിനെ തറവാടി നായരെന്നും, വിശ്വ പൗരനെന്നും വിശേഷിപ്പിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഇടിച്ചു താഴ്ത്തിയും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രതികരണത്തിൽ കോൺഗ്രസിൽ അമർഷം.
മറ്റൊരു പാർട്ടിയോടും കാണിക്കാത്ത വിധത്തിൽ സമുദായ നേതാക്കളുടെ പരിധി വിട്ട ഇടപെടലുകളെ വക വച്ച് കൊടുക്കേണ്ടെന്ന വികാരമാണ് പാർട്ടിയിൽ.എങ്കിലും കൂടുതൽ വിവാദത്തിന് ഇട നൽകാതെ അവഗണിക്കാനാണ് നേതൃതലത്തിലെ ധാരണ. ആർക്കും വിമർശിക്കാമെന്നും വിമർശനങ്ങളിൽ ഗൗരവമായെന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞൊഴിഞ്ഞു. തനിക്കെതിരായ പരാമർശത്തിന് ചെന്നിത്തല കരുതലോടെ മറുപടി പറഞ്ഞു..
ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശം പാർട്ടിയിൽ ചേരിപ്പോരിന് വഴിയൊരുക്കുന്നതാണെന്നാണ് കോൺഗ്രസ് നേതാക്കൾ പൊതുവിൽ കാണുന്നത്. ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദം ഒരുവിധം അവസാനിപ്പിച്ച് മുന്നോട്ട് പോകുമ്പോഴാണ് സുകുമാരൻ നായരുടെ ഇടപെടൽ. തരൂരിനെ പ്രത്യക്ഷത്തിലും ,എ വിഭാഗത്തെ പരോക്ഷമായും പിന്തുണയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ഔദ്യോഗിക നേതൃത്വം വിലയിരുത്തുന്നു. ഇത് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കാനാണോയെന്നാണ് സംശയം.
പാർട്ടിയെയും മുന്നണിയെയും പരമ്പരാഗതമായി പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങൾ വല്ലാതെ അകന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വം, ആ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ അനാവശ്യ ചർച്ചകളിലേക്ക് പോയി കാര്യങ്ങളെ വഴി തിരിച്ചുവിടേണ്ടെന്നാണ് കണക്കുകൂട്ടൽ.
എന്നെ ആരും ഉയർത്തി
കാട്ടിയില്ല: ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മുഖ്യമന്ത്രി
സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത് കൊണ്ടാണ് യു.ഡി.എഫ് തോറ്റതെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫോ ,കോൺഗ്രസോ ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എൽ.എമാർ കൂടി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് അന്നെടുത്ത തീരുമാനം.കോൺഗ്രസ് എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. 45 വർഷമായി പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ആ നിലപാടേ താനുയർത്തിപ്പിടിച്ചിട്ടുള്ളൂ. അതിൽ നിന്ന് പിറകോട്ട് പോകുന്ന പ്രശ്നമില്ല. സാമുദായിക നേതാക്കൾ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിലിടപെടുന്നത് എന്തുകൊണ്ടാണെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, അതവരോട് ചോദിക്കണമെന്നായിരുന്നു മറുപടി.തനിക്കേറ്റവും വലുത് കോൺഗ്രസാണ്. പാർട്ടിയാണ് തന്നെ സ്ഥാനങ്ങളിലെത്തിച്ചതും വളർത്തിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |