തിരുവനന്തപുരം: പുതുക്കിയ അൽഗൊരിതം സുഹൃത്തുക്കളെ അകറ്റുമെന്ന ആശങ്കയെ തുടർന്ന് ഫേസ്ബുക്കിൽ 'കുത്ത്, കോമ" അഭ്യർത്ഥനകൾ നിറഞ്ഞതോടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന അറിയിപ്പുമായി പൊലീസ്. 25 സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രമേ കാണാൻ കഴിയൂ എന്നത് തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കുന്ന പൊലീസിന്റെ കുറിപ്പ് ഇങ്ങനെ:
"'ഹായ് തരൂ, ലൈക് തരൂ, കോമയെങ്കിലും തരൂ... മിനിമം ഒരു കുത്തെങ്കിലും..! ഫേസ്ബുക്ക് അൽഗൊരിതം മൂലം ഒറ്റപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ചിന്തയിൽ ഇത്തരം കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പിറകിലാണ് പലരും. "കേശുമാമൻ സിൻഡ്രോം" എന്ന ഓമനപ്പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെടുന്നതും ഇടവിട്ട് പ്രത്യക്ഷപ്പെടുന്നതുമാണിത്. സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും.
2018 മുതൽ ഫേസ്‌ബുക്ക് അൽഗൊരിതം ഇതുപോലെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളിൽ നിന്ന് നിശ്ചിത എണ്ണം മാത്രമേ മുൻഗണനാ പ്രകാരം ഈ അൽഗൊരിതം തിരഞ്ഞെടുക്കാറുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അൽഗൊരിതത്തിലെ ഇത്തരം മുൻഗണനാക്രമം നിത്യേന മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020ലും വ്യാപകമായി പ്രചരിച്ചിരുന്നു.
യെഥാർത്ഥത്തിൽ പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് ഇപ്പോഴും നാം കാണുന്നത്. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കും.""
അതേസമയം, ഫേസ് ബുക്കിൽ എന്ത് കാണണം എന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയും. പോസ്റ്റുകൾ കാണുന്നതിലെ മുൻഗണനാക്രമം (സീ ഫസ്റ്റ് ലിസ്റ്റ്) നമുക്ക് തീരുമാനിക്കാം. പോസ്റ്റുകൾ കാണാൻ താത്പര്യമില്ലെങ്കിൽ 'സ്നൂസ്" ഓപ്ഷൻ ഉപയോഗിക്കുകയോ ഹൈഡ് ചെയ്യുകയോ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |