തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സിമാരെ നിയമിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഈ ആവശ്യവുമായി രാജ് ഭവനിലെത്തിയ നിയമമന്ത്രികൂടിയായ പി. രാജീവിനോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനോടുമാണ് ഗവർണർ ആർ.വി. ആർലേക്കർ ഇക്കാര്യം തുറന്നടിച്ചത്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്തയച്ചെങ്കിലും ഗവർണർ ഗൗനിച്ചിരുന്നില്ല. വി.സിമാരുടെ നിയമനകാര്യത്തിൽ ഗവർണറും സർക്കാരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. വിധി സർക്കാരിന് അനുകൂലമാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രിമാരെ ഗവർണർ തിരുത്തി.
സുപ്രീംകോടതി വിധി സംബന്ധിച്ച് നിയമോപദേശം തേടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വി.സിമാരെ നിയമിച്ചതെന്നും ഗവർണർ വിശദീകരിച്ചു. 13ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിയ്ക്കുമ്പോൾ, സ്വീകരിച്ച നടപടികൾ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
ഇതോടെ സമവായത്തിനുള്ള സാദ്ധ്യത മങ്ങി. ഇന്നലെ രാവിലെയാണ് മന്ത്രിമാർ രാജ്ഭവനിലെത്തിയത്. കൂടികാഴ്ച 8 മുതൽ 9.45വരെ നീണ്ടു.
സർവകലാശാലയിൽ കടുത്ത പ്രതിസന്ധി
ഭരണത്തർക്കത്തെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് സർവകലാശാല. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല. സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ പണമില്ല. സോഫ്ട്‌വെയർ, ഇന്റർനെറ്റ് സേവകർക്ക് പണവും നൽകിയിട്ടില്ല. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങി. സിൻഡിക്കേറ്റ് ചേർന്നാലേ ശമ്പളം നൽകുന്നതിന് അടക്കമുള്ള ബഡ്ജറ്റ് വിഹിതം അനുവദിക്കാൻ കഴിയൂ.
സ്റ്റേ നീക്കിയാൽ നിയമനമെന്ന് ഗവർണർ
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം ഇരുമന്ത്രിമാരും ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. എട്ട് യൂണിവേഴ്സിറ്റികളിൽ വി.സി നിയമനത്തിന് താൻ നിയോഗിച്ച സെർച്ച് കമ്മിറ്റിയ്ക്ക് സർക്കാർ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ സ്റ്റേ നിലനിൽക്കുകയാണെന്നും അത് നീക്കിയാൽ നിയമനവുമായി മുന്നോട്ടുപോകാമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
പി.എസിന് ചുമതല
സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല. പ്രൈവറ്റ് സെക്രട്ടറിയായ ഗോപിനാണ് വി. സി. ഡോ.കെ.ശിവപ്രസാദ് പ്രത്യേക അധികാരം ഉപയോഗിച്ച് ചുമതല നൽകിയത്. നിലവിൽ ജോയിന്റ് രജിസ്ട്രാറാണ് ഗോപിൻ. സിൻഡിക്കേറ്റ് -വി.സി പോര് മൂലം മൂന്ന് മാസമായി രജിസ്ട്രാർ ഇല്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിശേഷം ബിന്ദുകുമാരിക്കായിരുന്നു ചുമതല. ഇവർ മേയിൽ വിരമിച്ചശേഷം മറ്റാർക്കും ചുമതല നൽയില്ല. രജിസ്ട്രാർ അവധിയിൽ പോകുകയോ ദീർഘകാലം ഇല്ലാതിരിക്കുകയോ ചെയ്താൽ ആറു മാസത്തിൽ താഴെയുള്ള കാലയളവിലേക്ക് ജോയിന്റ് രജിസ്ട്രാർ പദവിയിലുള്ളയാൾക്ക് രജിസ്ട്രാറുടെ ചുമതല നൽകാമെന്ന് ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |