തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമല്ലെന്ന് മുൻകേന്ദ്രമന്ത്രിയും എം.പി.യുമായ പ്രകാശ് ജാവദേക്കർ. രാഷ്ട്രീയം നോക്കാതെ എല്ലാ സംസ്ഥാനങ്ങളോടും മികച്ച സമീപനമാണ് കേന്ദ്രത്തിനുള്ളത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് കാരണം കെടുകാര്യസ്ഥതയും ധൂർത്തും പരിധിവിട്ടുള്ള കടമെടുപ്പുമാണെന്നും അദ്ദേഹം പറഞ്ഞു..
യു.പി.എ.സർക്കാരിന്റെ കാലത്ത് 2009 മുതൽ 2014വരെ സംസ്ഥാനത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയ മൊത്തം വിഹിതം 55058 കോടിയാണ്. എന്നാൽ, മോദി സർക്കാർ വന്നതിന് ശേഷം 2017 മുതൽ 2022 വരെ കേരളത്തിന് ലഭിച്ച കേന്ദ്രവിഹിതം 2.29 ലക്ഷം കോടിയാണ്.യു.പി.എ. സർക്കാരിന്റെ കാലത്ത് നികുതി വിഹിതം സംസ്ഥാനങ്ങളുമായി പങ്കു വച്ചിരുന്നത് 39 ശതമാനമായിരുന്നു. മോദിസർക്കാർ അത് 41 ശതമാനമാക്കി. ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നതിൽ ന്യായമില്ല.
പെട്രോൾ,ഡീസൽ വില പരിധി വിട്ടപ്പോൾ അത് നിയന്ത്രിക്കാൻ മോദി സർക്കാർ നടപടികളെടുത്തെങ്കിലും അതുമായി സഹകരിക്കാതിരുന്ന ഏക സംസ്ഥാനം കേരളമാണ്.
യുക്രയിൻ യുദ്ധമുണ്ടായപ്പോൾ ലോകം മുഴുവൻ ഇന്ധനവില കുതിച്ചുയർന്നു. അതുപോലെ വർദ്ധിക്കാതിരുന്ന ഏക രാജ്യം ഇന്ത്യയാണ്. പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്രസർക്കാർ കുറച്ചു.എന്നാൽ കേരളത്തിൽ ഇതനുസരിച്ച് കുറവുണ്ടായില്ല.
കർണാടകം പെട്രോളിന് 8.34 രൂപയും ഡീസലിന് 9.04 രൂപയും ലിറ്ററിന് കുറച്ചു.എന്നാൽ കേരളത്തിൽ കുറച്ചത് പെട്രോളിന് 1.09 രൂപയും ഡീസലിന് 1.74 രൂപയും മാത്രമാണ്
ജനങ്ങളെ പിഴിഞ്ഞിട്ടും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാനത്തിനായില്ലെന്നും ജാവദേക്കർ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |