തിരുവനന്തപുരം: പരീക്ഷ വൈകി, ഇപ്പോൾ പരീക്ഷാ ഫലവും കാത്ത് നാളുകളായി കാത്തിരിക്കുകയാണ് അദ്ധ്യാപക പരിശീലന കോഴ്സായ ഡി.എൽ.എഡിലെ വിദ്യാർത്ഥികൾ. 2020- 22 ബാച്ചിലെ വിദ്യാർത്ഥികളാണ് മൂല്യനിർണ്ണയം പൂർത്തിയായിട്ടും റിസൽട്ട് വരാത്തതിനാൽ ബുദ്ധിമുട്ടുന്നത്. കൊവിഡും അധികൃതരുടെ അനാസ്ഥയും കാരണം ഒരു വർഷം നഷ്ടമായതിന് പിന്നാലെയാണ് ഈ സമയനഷ്ടവും. 2020 ആഗസ്റ്റിൽ ആരംഭിക്കേണ്ട കോഴ്സ് തുടങ്ങിയത് 2021 ജനുവരിയിലായിരുന്നു. ഒരു സെമസ്റ്ററിന് നൂറു ദിവസമെന്ന എൻ.സി.ഇ.ആർ.ടി നിബന്ധന കാരണം എല്ലാ സെമസ്റ്ററുകളും തുടങ്ങാൻ വൈകി. കോഴ്സ് മൊത്തത്തിൽ വൈകിയതിനാൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ചേരാൻ കഴിഞ്ഞില്ല. മദ്ധ്യവേനലവധിയും ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കിയിട്ടു പോലും കോഴ്സ് പൂർത്തിയാക്കാനാവാത്തത് അധികൃതരുടെ അനാസ്ഥ കാരണമാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. 2020 ബാച്ച് ആരംഭിക്കാൻ വൈകിയതിനാൽ തുടർ ബാച്ചുകളും സമാന സ്ഥിതിയിലാണ് മുന്നോട്ടു പോകുന്നത്. കോഴ്സും പരീക്ഷകളും വൈകുന്നതിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ മുന്നിലെത്തുമ്പോൾ പരസ്പരം പഴിചാരി കൈയൊഴിയുകയാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |